മാഹിയിൽ മണ്ണ് പരിശോധനാ കേന്ദ്രം സ്ഥാപിക്കണം: കർഷകസംഘം നിവേദനം നൽകി

മാഹിയിൽ മണ്ണ് പരിശോധനാ കേന്ദ്രം സ്ഥാപിക്കണം: കർഷകസംഘം നിവേദനം നൽകി

മാഹി: കാർഷിക ആവശ്യങ്ങൾക്കായി മാഹിയിൽ അടിയന്തരമായി ഒരു മണ്ണ് പരിശോധനാ കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാഹി കർഷകസംഘം പ്രതിനിധികൾ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിന് നിവേദനം നൽകി.
നിലവിൽ മാഹിയിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് സാമ്പിളുകൾ പരിശോധനയ്ക്കായി പുതുച്ചേരിയിലേക്കാണ് അയക്കുന്നത്. ദൂരക്കൂടുതലും ഭരണപരമായ കാലതാമസവും കാരണം മണ്ണ് പരിശോധനാ ഫലം ലഭിക്കുന്നതിന് കർഷകർ ഏറെ നാൾ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. പലപ്പോഴും റിപ്പോർട്ട് ലഭിക്കുമ്പോഴേക്കും കാർഷിക സീസൺ അവസാനിക്കുന്നതോടെ കർഷകർക്ക് സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മണ്ണ് പരിശോധനാ ഫലത്തിൽ ഉണ്ടാകുന്ന കാലതാമസം കൃത്യമായ വിള ആസൂത്രണം, വളപ്രയോഗം, കാർഷിക ഉൽപ്പാദനം എന്നിവയെ ദോഷകരമായി ബാധിക്കുന്നതായും കർഷകർ അറിയിച്ചു. മാഹിയിൽ തന്നെ ഒരു മണ്ണ് പരിശോധനാ കേന്ദ്രം ആരംഭിക്കുകയാണെങ്കിൽ കർഷകർക്ക് സമയബന്ധിതമായി മണ്ണ് വിശകലന റിപ്പോർട്ടും ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാകുമെന്നും, ഇതിലൂടെ വിളവ് വർധിപ്പിക്കാനും അനാവശ്യ വളപ്രയോഗം കുറയ്ക്കാനും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കാനുമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
കർഷകരുടെ ക്ഷേമവും പ്രദേശത്തെ കാർഷിക പുരോഗതിയും മുൻനിർത്തി മാഹിയിൽ എത്രയും വേഗം മണ്ണ് പരിശോധനാ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എയോട് ആവശ്യപ്പെട്ടു.
കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി സി.ടി. വിജീഷ്, പ്രസിഡന്റ് മനോഷ് പുത്തലം, രഞ്ജിന, വിനോദൻ, കെ.ജി. രാഗേഷ്, റഷീദ ടി എന്നിവർ നിവേദന സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.