മാഹിയിൽ കാറിടിച്ച് തെറിപ്പിച്ച് കടന്ന ഡ്രൈവർ പിടിയിൽ

മാഹിയിൽ കാറിടിച്ച് തെറിപ്പിച്ച് കടന്ന ഡ്രൈവർ പിടിയിൽ


മാഹി: മാഹിയിലെ ഇലക്ട്രിസിറ്റി ജീവനക്കാരനായ രമേശനെ കാർ ഇടിച്ച് തെറിപ്പിച്ച കേസിൽ നിർത്താതെ കടന്നുപോയ വാഹനത്തിന്റെ ഡ്രൈവർ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ സ്വദേശിയും എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയുമായ ചേതൻ മാലിക് ആണ് പിടിയിലായത്.
കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. മൈസൂരിൽ നിന്ന് നിസ്സാൻ മാഗ്നൈറ്റ് (KA 09 MJ 6216) കാറിൽ സുഹൃത്തുക്കളോടൊപ്പം പുലർച്ചെയോടെ കൂട്ടുപുഴ വഴി മുഴപ്പിലങ്ങാടി ബീച്ചിലെത്തിയ സംഘം പിന്നീട് താമസസൗകര്യം അന്വേഷിച്ച് മാഹിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ രമേശന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ദിവസങ്ങളോളം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ സംഘം മൈസൂരിലേക്ക് മടങ്ങിയതായും പോലീസ് പറഞ്ഞു.
അന്വേഷണത്തിൽ വാഹനം ഓടിച്ച ചേതൻ മാലിക്കിന് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് വാഹനത്തിന്റെ ഉടമയായ മാതാവിന്റെ പേരിലും കേസെടുത്തതായി മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ. അനിൽകുമാർ അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ മാഹി എസ്.ഐ. പ്രമോദ് കെ., ക്രൈം സ്ക്വാഡ് എ.എസ്.ഐ. ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.