കൊട്ടിയൂർ വൈശാഖ മഹോത്സവം : ഇന്ന് നീരെഴുന്നള്ളത്ത്

കൊട്ടിയൂർ വൈശാഖ മഹോത്സവം : ഇന്ന് നീരെഴുന്നള്ളത്ത്

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് ശനിയാഴ്ച നടക്കും. ഇതോടെ പതിനൊന്ന് മാസത്തോളം തീർഥാടകർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെകൊട്ടിയൂരിലേക്ക് ആദ്യമായി അടിയന്തരക്കാർ പ്രവേശിക്കും. ഇടവമാസത്തിലെ മകം നാളിലാണ് നീരെഴുന്നള്ളത്ത് നടക്കുന്നത്. പടിഞ്ഞിറ്റ നമ്പൂതിരിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ അടിയന്തരക്കാർ അക്കരെ കടന്ന് മണിത്തറയിലെ സ്വയംഭൂ സ്ഥാനത്ത് ബാവലി തീർത്ഥം അഭിഷേകം ചെയ്യുന്നതാണ് ഈ ചടങ്ങ്. മെയ് 28നാണ് പ്രശസ്തമായ നെയ്യാട്ടം നടക്കുക. മെയ് 30 മുതൽ സ്ത്രീകൾക്ക് അക്കരെ സന്നിധാനത്ത് പ്രവേശനം അനുവദിക്കും.

മഹോത്സവത്തിന് തുടക്കമിട്ട് നെയ്യമൃത് സംഘങ്ങൾ മഠങ്ങളിൽ പ്രവേശിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി മെയ് 28 ന് നടക്കുന്ന നെയ്യാട്ടത്തിനായി വിവിധ മഠങ്ങളിലെ നെയ്യമൃത് സംഘങ്ങൾ കലശം കുളിച്ച് മഠങ്ങളിൽ പ്രവേശിച്ചു. ഇനി ഇവർ ഒരാഴ്ചക്കാലം കഠിന വ്രതമെടുക്കും. ഇരിട്ടി മേഖലയിലെ കീഴൂർ, പുന്നാട് കുഴുമ്പിൽ, മുഴക്കുന്നിലെ പാല, വട്ടക്കയം, ചാവശേരി, തില്ലങ്കേരി, മുരിങ്ങോടി, തിരുവോണപ്പുറം, ആറളം മഠങ്ങളിലെ നെയ്യമൃത് വ്രതക്കാരാണ് വെള്ളിയാഴ്ച രാവിലെ അതത് കേന്ദ്രങ്ങളിൽ വ്രതം ആരംഭിച്ചത്.

കീഴൂരിൽ മഠം കാരണവർ പി ആർ ഉണ്ണികൃഷ്ണൻ നമ്പ്യാരും, പുന്നാട് കുഴുമ്പിൽ മഠത്തിൽ നിട്ടൂർ ഗോവിന്ദൻ നമ്പ്യാരും, തില്ലങ്കേരിയിൽ മഠം കാരണവർ വിലങ്ങേരി പത്മനാഭൻ നമ്പ്യാരും നേതൃത്വം നൽകുന്ന നെയ്യമൃത് സംഘങ്ങളാണ് മഠങ്ങളിൽ പ്രവേശിച്ച് വ്രതം തുടങ്ങിയത്. തിരുവോണപ്പുറം മഠത്തിൽ മുപ്പത് പേരാണ് മഠത്തിൽ കയറിയത്. ഇരിട്ടി മേഖലയിലെ എല്ലാ മഠങ്ങളിലുമായി ആകെ 130 പേരാണ് ഇത്തവണത്തെ നെയ്യമൃത് സംഘത്തിലുള്ളത്.