വാദിയെ പ്രതിയാക്കി; പുനരന്വേഷണത്തിൽ പുറത്ത് വന്നത് പോക്സോ കേസ്

വാദിയെ പ്രതിയാക്കി; പുനരന്വേഷണത്തിൽ പുറത്ത് വന്നത് പോക്സോ കേസ്

മാഹി: വീട്ടിൽ നിന്ന് 35 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി നൽകിയ 55 കാരനെ പ്രതിയാക്കി കേസെടുത്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. പുനരന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പും പോക്സോ കേസും പുറത്തുവന്നതോടെ അന്നത്തെ അന്വേഷണ സംഘത്തിനെതിരെ വിമർശനം ശക്തമായി.

2024 ജൂലായ് 6-നാണ് ചെമ്പ്രയിലെ വീട്ടിൽ നിന്ന് 35 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുടമ പള്ളൂർ പൊലീസിൽ പരാതി നൽകിയത്. മാഹി എസ്.പി.യുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും, അന്നത്തെ സി.ഐ. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരാതിക്ക് അടിസ്ഥാനമില്ലെന്നും വ്യാജപരാതിയാണെന്നും കണ്ടെത്തി ജൂലായ് 31-ന് മാഹി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പരാതിക്കാരനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കേസ് ഇപ്പോൾ മാഹി കോടതിയിൽ പരിഗണനയിലാണ്.

ഇതിനിടെ, മാസങ്ങൾക്ക് മുമ്പ് പുതിയ സി.ഐ.യായി പി.എ. അനിൽകുമാർ ചുമതലയേറ്റതിനെ തുടർന്ന് പഴയതായി അവസാനിപ്പിച്ച ഫയലുകൾ പരിശോധിക്കുന്നതിനിടെയാണ് കേസിൽ ദുരൂഹത കണ്ടെത്തിയത്. പരാതിക്കാരനെയും കുടുംബാംഗങ്ങളെയും വീണ്ടും ചോദ്യം ചെയ്തതോടെ അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങി.

അന്വേഷണത്തിൽ, പരാതിക്കാരന്റെ അന്ന് 15 വയസ്സുള്ള മകൾക്ക് തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചി ഹൗസിൽ പി. ഫഹിം അഹമ്മദുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായി. കോടതിയുടെ അനുമതിയോടെ പുനരന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിക്കെതിരെ സമാനമായ കേസുകൾ മറ്റിടങ്ങളിലുമുണ്ടെന്ന് കണ്ടെത്തി.

പ്രണയം നടിച്ച് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. ചെമ്പ്രയിലെ പെൺകുട്ടിയിൽ നിന്നും ഭീഷണിപ്പെടുത്തിയും പ്രണയബന്ധം ഉപയോഗിച്ചും പല ഘട്ടങ്ങളിലായി ആഭരണങ്ങൾ കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ. പ്രണയബന്ധത്തിനിടെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി പിന്നീട് അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ സ്വർണ്ണം തട്ടിയെടുത്തതെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുമ്പാകെയും ഇതേ മൊഴിയാണ് കുട്ടി നൽകിയത്.

തുടർന്ന് മോഷണം, ഭീഷണിപ്പെടുത്തി അപഹരിക്കൽ, പോക്സോ ആക്ട് സെക്ഷൻ 12, ഐ.ടി. ആക്ട് 67 ബി എന്നിവ ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയായ പി. ഫഹിം അഹമ്മദിനെ അറസ്റ്റ് ചെയ്ത പൊലീസ്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലശ്ശേരിയിലെ മൂന്ന് സ്വർണ്ണക്കടകളിൽ നിന്നായി 21 പവൻ സ്വർണ്ണം പിടിച്ചെടുത്തു. കോഴിക്കോട് ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് നേടിയ പൊലീസ്, പോക്സോ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും.

അതേസമയം, പരാതി ശരിയായി അന്വേഷിക്കാതെ നിരപരാധിയായ പരാതിക്കാരനെ പ്രതിയാക്കിയ സംഭവത്തിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.