റീജിനൽ അഡ്മിനിസ്ട്രേറ്റർ വിളിച്ചുചേർത്ത യോഗം റസിഡൻസ് അസോസിയേഷനുകൾ ബഹിഷ്കരിച്ചു
മാഹി : റീജിനൽ അഡ്മിനിസ്ട്രേറ്റർ വിളിച്ചുചേർത്ത യോഗം റസിഡൻസ് അസോസിയേഷനുകൾ ബഹിഷ്കരിച്ചു. ഇന്ത്യാ സെൻസസ് 2027 നോട് അനുബന്ധിച്ച് ജനസംഖ്യ കണക്കെടുപ്പിനെക്കുറിച്ചും സെൽഫ് എന്യൂമറേഷനെക്കുറിച്ചും റസിഡൻസ് അസോസിയേഷനുകളോട് വിശദീകരിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ (14 05 26) യോഗം വിളിച്ചു ചേർത്തത്. രാവിലെ 10:30 മണിക്ക് യോഗത്തിനായി എത്തിച്ചേർന്നവർ മാഹി ഗവൺമെൻറ് ഹൗസിലെ സെൻട്രൽ ഹാളിന് പുറത്ത് കാത്തിരുന്നുവെങ്കിലും ഉദ്യോഗസ്ഥ മേധാവികളുടെ യോഗം നടക്കുന്നതിനാൽ 11:15 ആയിട്ടും റസിഡൻസ് അസോസിയേഷനുകളുടെ യോഗം ആരംഭിച്ചില്ല. കൃത്യസമയത്ത് വന്നുവെന്നും ഉത്തരവാദിത്തപ്പെട്ട പല കാര്യങ്ങളും മാറ്റിവെച്ചാണ് താങ്കൾ വന്നത് എന്ന് പറഞ്ഞ് യോഗത്തിനായി എത്തിയവർ യോഗം ബഹിഷ്കരിച്ചു കൊണ്ട് പുറത്തേക്ക് പോവുകയുണ്ടായി.
കഴിഞ്ഞ മൂന്നുദിവസമായി സെൻസസ് എന്യൂമറേറ്റർമാർക്കും, സൂപ്പർവൈസർമാർക്കും വേണ്ടിയുള്ള പരിശീലനം ഗവൺമെൻറ് ഹൗസിൽ നടക്കുന്നതിനാലും റീജണൽ അഡ്മിനിസ്ട്രേറ്റർ ഔദ്യോഗിക യാത്ര കഴിഞ്ഞ് മാഹിയിൽ എത്തി ഒറ്റ ദിവസം മാത്രം ആയതിനാലും വീണ്ടും ഔദ്യോഗികമായി വിദേശത്തേക്ക് പോകുന്നതിനാലാണ് ഉദ്യോഗസ്ഥ മേധാവികളുടെ യോഗം നീണ്ടു പോയത് എന്നും ഇതാണ് റസിഡൻസ് അസോസിയേഷൻ യോഗത്തിന് സമയക്രമത്തിൽ കാലതാമസം ഉണ്ടായതെന്ന് പറയപ്പെടുന്നു.
ചിത്രം : റസിഡൻസ് അസോസിയേഷനുകളുടെ യോഗത്തിൽ പങ്കെടുക്കനായി വന്നവർ ഗവൺമെൻറ് ഹൗസിലെ സെൻട്രൽ ഹാളിന് പുറത്ത് കാത്തിരിക്കുന്നു.