പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന് വീണ്ടും അധികാരം; അഞ്ചാം തവണ മുഖ്യമന്ത്രിയായി രംഗസാമി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന് വീണ്ടും അധികാരം; അഞ്ചാം തവണ മുഖ്യമന്ത്രിയായി രംഗസാമി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: 16-ാമത് നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തി. എൻആർ കോൺഗ്രസ്, ബിജെപി, എഐഎഡിഎംകെ, എൽജെപി എന്നിവ ചേർന്ന സഖ്യത്തിന്റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത N. രംഗസ്വാമി ഇന്ന് അഞ്ചാം തവണ പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
എൻആർ കോൺഗ്രസ് 12 സീറ്റുകളും ബിജെപി 4 സീറ്റുകളും എഐഎഡിഎംകെയും എൽജെപിയും ഓരോ സീറ്റും നേടി എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് സഖ്യം സർക്കാർ രൂപീകരിക്കുന്നത്.
നിയമസഭയ്ക്ക് സമീപമുള്ള ലോക് നിവാസിൽ രാവിലെ 9.36-ന് വന്ദേമാതരത്തോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ദേശീയ ഗാനവും തമിഴ്ത്തായി വാഴ്ത്തും ആലപിച്ചു. ശേഷം ഗവർണർ കൈലാഷ് നാഥ് രംഗസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി എൻ. രംഗസാമിക്കൊപ്പം 
മന്ത്രിമാരായി നവശിവായം,മല്ലാടി ക്യഷ്ണറാവു എന്നിവരും അധികാരമേറ്റു.

കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, വിജയിച്ച എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. 
തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരവധി നേതാക്കളും പ്രവർത്തകരും എത്തി രംഗസ്വാമി യെ അഭിനന്ദിച്ചു. ബൊക്കയും ഷാളും അണിയിച്ച് ആശംസകൾ നേർന്നു. മാഹി എംഎൽഎ അഡ്വ. അശോക് കുമാർ മുഖ്യമന്ത്രിയെ നേരിൽ കണ്ടു അഭിനന്ദനങ്ങൾ അറിയിച്ചു