നഴ്‌സുമാർ ഉയർന്ന സേവന നിലവാരത്തിന്റെ ഉത്തമ ഉദാഹരണം; ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിൽ അവർ നിർണായക പങ്ക് വഹിക്കുന്നു: രാഷ്‌ട്രപതി ദ്രൗപതി മുർമു
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഇന്ന് (മെയ് 12, 2026) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു 2026-ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡുകൾ സമ്മാനിച്ചു..
2026-ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡുകൾക്കുള്ള സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു, "രാജ്യത്തെ അനുകമ്പയോടെയും അചഞ്ചലമായ സമർപ്പണത്തോടെയും സേവിക്കുന്ന നഴ്‌സിംഗ് ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണ വിദഗ്ധരുടെയും വിലമതിക്കാനാവാത്ത സംഭാവനയ്ക്കുള്ള ഉചിതമായ ആദരവാണിത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും അവർ ഉയർന്ന സേവന നിലവാരം പുലർത്തുകയും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. കർത്തവ്യത്തോടുള്ള പ്രചോദനാത്മകമായ സമർപ്പണത്തിനും രോഗിപരിചരണത്തിന്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള അവരുടെ അക്ഷീണ പരിശ്രമത്തിനും എല്ലാ അവാർഡ് ജേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു."
ഈ വർഷം, കേരള-ലക്ഷദ്വീപ് മേഖലയിൽ നിന്ന് മൂന്ന് പേരാണ് ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡ് കരസ്ഥമാക്കിയത്. തിരുവനന്തപുരം പാങ്ങപ്പാറ ഹെൽത്ത് സെന്ററിലെ സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീമതി മഞ്ജുമോൾ വി. എസ്., ദാദ്ര ആൻഡ് നഗർ ഹവേലി നമോ ഹോസ്പിറ്റലിൽ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി ദീപ ബിജു, ലക്ഷദ്വീപ് ഗവണ്മെന്റ് ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ നഴ്സിങ് ഓഫീസർ ശ്രീമതി ആയ്ഷ ബീബി കെ എന്നിവരാണ് അവാർഡ് ജേതാക്കൾ..
1973-ൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നഴ്‌സിംഗ് ജീവനക്കാർ സമൂഹത്തിന് നൽകുന്ന സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡുകൾ സ്ഥാപിച്ചത്.