വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു*

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു*

*ചെന്നൈ:* ദിവസങ്ങൾ നീണ്ട സസ്‌പെൻസുകൾക്ക് ഒടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് തമിഴ്‌നാട് ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സത്യപ്രതിജ്ഞ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈവശം വയ്ക്കും.

സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈ നഗരത്തിലെ ഇരുപത് കേന്ദ്രങ്ങളിൽ പ്രത്യേകം സ്‌ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കുന്നുണ്ട്. എം ജി ആറിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന സിനിമാ താരമാണ് വിജയ്. 

1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡി എം കെയ്ക്കും എ ഐ എ ഡി എം കെയ്ക്കും പുറത്ത് നിന്ന് തമിഴ്‌നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറും.

വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. 

120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 108 എംഎൽഎമാരാണ് വിജയ്‌യുടെ പാർട്ടിയായ ടി വി കെയ്ക്ക് ഉള്ളത്. 

കോൺഗ്രസ് (5), സി പി ഐ (2), സി പി എം (2), വി സി കെ (2), മുസ്ലീം ലീഗ് (2) എന്നിങ്ങനെയാണ് പിന്തുണ നൽകിയ മറ്റ് പാർട്ടികൾ. ഇതിൽ കോൺഗ്രസ് വിജയ്‌യുടെ പാർട്ടിയുമായി സഖ്യം രൂപീകരിച്ചു. എന്നാൽ ഇടതുപാർട്ടികൾ സഖ്യസർക്കാരിൽ ഭാഗമാകില്ല. പുറത്ത് നിന്നുള്ള പിന്തുണ മാത്രമേ ഉണ്ടാകു എന്നാണ് അറിയിച്ചിരിക്കുന്നത്. 

മെയ് 13-നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ വിജയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.