മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന്‌ പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു. ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭ പിരിച്ചുവി

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന്‌ പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു. ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതേസമയം, ബിജെപിയുടെ നിയമസഭാ കക്ഷി യോഗം നാളെ ചേരും. സുവേന്ദു അധികാരിയെ നേതാവായി തെരഞ്ഞെടുക്കും. ഉത്തരവ് പുറത്തിറങ്ങിയതോടെ മമത ബാനര്‍ജിയും മറ്റ് എംഎല്‍എമാരും മുന്‍ എംഎല്‍എമാരായി തുടരും. തെരഞ്ഞെടുപ്പു കമ്മിഷന്റെ വൃത്തികെട്ട കളിയാണ് ബംഗാൾ തെരഞ്ഞെടുപ്പിൽ നടന്നതെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. രാജി നൽകാൻ ലോക്ഭവനിൽ പോകില്ല. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അവർ തീരുമാനമെടുക്കട്ടെയെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഗവർണറുടെ നടപടി. നാലാം തവണയും അധികാരം ലക്ഷ്യമിട്ടിറങ്ങിയ മമതയ്ക്ക് ഇക്കുറി ദയനീയ പരാജയമാണ് ഉണ്ടായത്. സിറ്റിങ് മണ്ഡലമായ ഭവാനിപൂരില്‍ മമത ബാനര്‍ജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. 207 സീറ്റ് നേടിയാണ് ബിജെപി ഇക്കുറി ചരിത്ര വിജയം നേടിയത്. 80 സീറ്റാണ് തൃണമൂല്‍ നേടിയത്. കോണ്‍ഗ്രസ് രണ്ടും സിപിഎം ഒരു സീറ്റും നേടി