കൊട്ടിയൂർ നെയ്യാട്ടം; നെയ്യമൃത് വ്രതം ആരംഭിച്ചു
പാനൂർ :
ശ്രീ കൊട്ടിയൂർ പെരുമാൾ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന നെയ്യാട്ടത്തിൽ പങ്കെടുക്കുവാൻ അവകാശികളായ ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ കീഴിലുള്ള സങ്കേശങ്ങളിലെയും മഠങ്ങളിലെയും നെയ്യമൃത് ഭക്തർ വ്രതം ആരംഭിച്ചു.
മേട മാസത്തിലെ ചോതിനാൾ മുതലാണ് വ്രതം ആരംഭിച്ചത്.മെയ് 9 ന് തിരുവോണം നാളിൽ വേറെവെപ്പ് ആരംഭിക്കും. അന്നേദിവസം തിരുവോണ കഞ്ഞി നടക്കും. നിടുമ്പ്രം നള്ളക്കണ്ടി, ഇളം തോടത്ത് സങ്കേശങ്ങളിലെ (നിടുമ്പ്രം, ചെമ്പ്ര , വയലളം, കോടിയേരി, പള്ളൂർ മഠങ്ങൾ) നെയ്യമൃത് സംഘാംഗങ്ങളും അണിയാരം, പുത്തൂർ, ഒളവിലം പെരുമാൾ മഠം, മൊകേരി തട്ടാരത്ത്, നിള്ള ങ്ങൽ എന്നീ നെയ്യമൃത് സങ്കേശങ്ങളിലെ നെയ്യമൃത് ഭക്തരും വ്രതം ആരംഭിച്ചു. കോഴിക്കോട് ജില്ലയിൽ കടത്തനാട് ഉള്ള മഠങ്ങളിലും വ്രതം ആരംഭിച്ചു. കടത്തനാട്ടെ വടകര, തിരുമന, ആലിശ്ശേരി, കീഴൽ, ലോകനാർകാവ് , കണ്ണൂക്കര, എടവന, അയ്യപ്പൻകാവ് , വിഷ്ണുമംഗലം, തൂണേരി , തേർട്ടോളി , പുറമേരി, പാവൂർ, കാർത്തികപ്പള്ളി , കൊളശ്ശേരി, ഉദയപുരം എന്നീ മഠങ്ങളിലും വ്രതം ആരംഭിച്ചു. ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ ശേഷക്കാർ വിഷുപിറ്റേന്ന് വ്രതം ആരംഭിച്ചിരുന്നു. 22 ന് സങ്കേശ പ്രവേശനം നടത്തും. 26 ന് യാത്ര പുറപ്പെടും. 28 ന് കൊട്ടിയൂരിൽ നെയ്യാട്ടം നടക്കും.