രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി
ദില്ലി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.
ഇന്നത്തെ വർധനവോടെ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് കൊച്ചിയിലെ പുതിയ വില. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമായി. ദില്ലിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071.50 രൂപയായും മുംബൈയിൽ 3024 രൂപയായും ഉയർന്നു. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതോടെ വിലക്കയറ്റത്തിന് സാധ്യതയുണ്ട്.
അതേസമയം പെട്രോൾ, ഡീസൽ വിലകളിൽ നിലവിൽ മാറ്റമില്ല. നിലവിൽ പ്രീമിയം പെട്രോൾ, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയ്ക്ക് ആഗോള വിപണിക്ക് അനുസൃതമായി വില വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുകയാണ്. ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.