നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്. കാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയാണത്. സസ്‌പെന്‍ഷന് കാരണം എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. അതിനെതിരെ ഓടി കോടതിയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. കേവലം നാലു ദിവസത്തേക്ക് മാത്രമുള്ള ഉത്തരവാണത്. ഏപ്രില്‍ 9 ന് തന്നെ ഈ സര്‍ക്കാരിനെ ജനം തള്ളിക്കളഞ്ഞതാണ്. പുതുതായി വരുന്ന സര്‍ക്കാര്‍ തനിക്കെതിരായ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ബി അശോക് പറഞ്ഞു

കാരണമില്ലാത്ത ആ ഉത്തരവ് തല്‍ക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന അന്നു തന്നെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെടുമെന്നും, പഴയ പദവിയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട്. പോകുന്ന പോക്കില്‍ ശത്രുക്കളെന്ന് കരുതുന്നവരുടെ നേര്‍ക്ക് ഒരു റൗണ്ട് വെടിയുതിര്‍ക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നടപടിയെ സസ്‌പെന്‍ഷനായിട്ടല്ല, മറിച്ച് അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ബി അശോക് പറഞ്ഞു.

മുഖ്യമന്ത്രിക്ക് വൈക്ലബ്യവും മനഃക്ലേശവും

പൊതുഭരണ വകുപ്പില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ. ചരിത്രപരമായ പോരാട്ടത്തിലൂടെ, ഐഎഎസ് അസോസിയേഷന്‍ കേരള മുഖ്യമന്ത്രിയെ അഞ്ചുവട്ടം ട്രൈബ്യൂണലില്‍ കയറ്റി. അദ്ദേഹത്തിന്റെ ചട്ടവിരുദ്ധമായ എല്ലാ നടപടികളും റദ്ദു ചെയ്യിച്ചു. പ്രസിഡന്റ് അംഗീകരിച്ച സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചു മാത്രമേ ഐഎഎസ് കേഡര്‍ നടത്തിക്കൊണ്ടു പോകാന്‍ പാടുള്ളൂ എന്ന് അന്തിമ ഉത്തരവ് നേടിയെടുത്തു. അതില്‍ വലിയ വൈക്ലബ്യവും മനഃക്ലേശവുമാണ് സര്‍ക്കാരിനുണ്ടായത്.

അതിനെത്തുടര്‍ന്ന് 2025 ജനുവരി 25 തൊട്ട് തന്നെ സര്‍ക്കാരിന് പുറത്തേക്ക് ഓടിക്കാന്‍ നിരവധി ഉഡായിപ്പുകളും തന്ത്രങ്ങളുമാണ് പ്രയോഗിച്ചത്. തദ്ദേശ ഭരണ കമ്മീഷന്‍ രൂപീകരിച്ച് മേധാവിയാക്കാന്‍ ശ്രമിച്ചു, 20 വര്‍ഷം ജൂനിയറായ കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് തട്ടാന്‍ ശ്രമിച്ചു, അങ്ങനെ എല്ലാ പോരിലും നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതിനാണ്, ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയെന്നു പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അത് അംഗീകാരമായിട്ടാണ് കണക്കാക്കുന്നതെന്ന് ബി അശോക് പറഞ്ഞു.

വാഴ്ത്തുപാട്ട് പാടിക്കോ എന്ന മനോഭാവക്കാരുടെ നടപടി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്റെ അടിമവേലക്കാരാണെന്നും, തന്നെ പുകഴ്ത്തിപ്പാടാന്‍ വേണ്ടി മാത്രം ജനിച്ചിട്ടുള്ളവരാണെന്നും, വേണമെങ്കില്‍ നിങ്ങള്‍ക്ക് കോറസായി നിന്ന് വാഴ്ത്തുപാട്ട് പാടിത്തരാം, അതല്ലാതെ ഒരവകാശവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇല്ലെന്നുള്ള ചിലരുടെ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമായിട്ട് സസ്‌പെന്‍ഷന്‍ ഉത്തരവിനെ കണക്കാക്കാം. അതിനെ ബാഡ്ജായി കുത്തുകയാണ്. ആ ഉത്തരവിന് ഒരു നിലനില്‍പ്പുമില്ല. അതു ചവറ്റു കുട്ടയിലേക്ക് പോകുമെന്നും ബി അശോക് പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിൽ നല്ല ടീം വർക്ക്

മുഖ്യമന്ത്രിയുടെ താഴെയുള്ള, പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിയുടെ അംഗീകാരമില്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സാമാന്യം നല്ല നിലയില്‍ ടീം വര്‍ക്ക്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും, സീനിയര്‍ ഉദ്യോഗസ്ഥരുമായി സര്‍ക്കാരിനുണ്ടായിരുന്നു. പ്രളയം, കോവിഡ് സമയത്തെല്ലാം അക്ഷീണം പ്രവര്‍ത്തിച്ച സിവില്‍ സര്‍വീസാണുണ്ടായത്. എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ടീമായി പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍, പത്തോ പന്ത്രണ്ടോ വിരമിച്ച ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സുപ്രധാന പദവികളില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലവിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ പദവി നിര്‍ണായകമാണ്. ആ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്കൊപ്പം എല്ലാ വകുപ്പുകളേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഏകോപിപ്പിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം ശിവശങ്കറാണ് ആ ചുമതലയില്‍ ഉണ്ടായിരുന്നത്.

കെ എം എബ്രഹാമിന്റേത് ചട്ടവിരുദ്ധ നിയമനം

ശിവശങ്കർ പുറത്തായ ശേഷം ആ പദവി ഒഴിച്ചിട്ടു. പിന്നീട് 2018 ല്‍ വിരമിച്ച ഐഎഎസുകാരനായ ഡോ. കെ എം എബ്രഹാമിനെ, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി സൃഷ്ടിച്ച് നിയമിക്കുകയായിരുന്നു. അങ്ങനെയൊരു പദവി ഐഎഎസ് കേഡറിലോ സംസ്ഥാന സര്‍വീസിലോ ഇല്ല. അവിടെ ഒരു കോക്കസ് രൂപപ്പെട്ടതോടെ, സിവില്‍ സര്‍വീസുമായി ബന്ധമില്ലാതായി മാറി. അദ്ദേഹം ചീഫ് സെക്രട്ടറിയെ തന്റെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥനായി കണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതോടെ ഇരട്ട നിയന്ത്രണങ്ങള്‍ വരുന്ന സ്ഥിതിയായി. ഇതോടെ സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട ഏകോപനം ആകെ താളം തെറ്റിയെന്നും ബി അശോക് പറയുന്നു.