എം.വി.ദേവന്‍ പുരസ്കാരം കെ.കെ.രാജപ്പന്

എം.വി.ദേവന്‍ പുരസ്കാരം കെ.കെ.രാജപ്പന്

ചിത്രകാരനും വാസ്തുശില്പിയും കലാചിന്തകനുമായിരുന്ന എം.വി.ദേവന്‍റെ സ്മരണയ്ക്കായി ഏഷ്യന്‍ ആര്‍ട്സ് സെന്‍ററും പൗര്‍ണമി ആര്‍ട്ട് ഗ്യാലറിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ആറാമത് എം.വി.ദേവന്‍ പുരസ്കാരം പ്രൊഫ. കെ.കെ.രാജപ്പന്. മെയ്  അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചിത്രപ്രദര്‍ശന ചടങ്ങില്‍ വെച്ച് പുരസ്ക്കരവും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിക്കും. ചിത്രകാരന്‍ ടി.കലാധരന്‍, ലളിതകലാ അക്കാദമി മുൻ വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ്, സംവിധായകന്‍ ബിനുരാജ് കലാപീഠം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

1945-ല്‍ എറണാകുളം ജില്ലയിലെ ഓണക്കൂരില്‍ ജനിച്ച ഇദ്ദേഹം 1969-ല്‍ കൊച്ചിയിലെ കേരള കലാപീഠത്തില്‍ എം.വി.ദേവന്‍റെ കീഴിലാണ് ചിത്രരചന ആരംഭിച്ചത്. 1971 മുതല്‍ 1977 വരെ ചെന്നൈയിലെ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ നിന്ന് 5 വര്‍ഷത്തെ നാഷണല്‍ ഡിപ്ലോമ ഇന്‍ പെയിന്‍റിംഗ് നേടി. 1978 മുതല്‍ 1980 വരെ കേരള കലാപീഠത്തില്‍ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ചു.
1980 ല്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ പെയിന്‍റിംഗ് വിഭാഗത്തില്‍ ലക്ചററായി ചേര്‍ന്നു. 1993 മുതല്‍ അതേ വകുപ്പിലെ പ്രൊഫസറും വിഭാഗം മേധാവിയും ആയി സേവനം അനുഷ്ഠിച്ചു. 2001-ല്‍ മാവേലിക്കരയിലെ രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളേജില്‍ നിന്ന് പ്രിന്‍സിപ്പാളായി വിരമിച്ചു.

1975-ല്‍ കേരള ലളിതകല അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും 2015-ല്‍ ലളിതകല അക്കാദമി ഫെലോഷിപ്പ് കരസ്ഥമാക്കി. 1970 മുതല്‍ ഇന്ത്യയിലും വിദേശത്തും പ്രദര്‍ശനങ്ങള്‍ നടത്തി വരുന്നു.