*പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം*
പാനൂർ :
വേനൽച്ചൂട് ശക്തമായി തുടരുന്നതിനിടയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു. വള്ളങ്ങാട്ടെ ഓട്ടോ ഡ്രൈവർ നെല്ലിയുള്ളതിൽ ശശി (60)ക്കാണ് സൂര്യാഘാതമേറ്റത്.
ഇക്കഴിഞ്ഞ 21-ാം തീയതി രാവിലെ 11.30ഓടെ ചൊക്ലിയിൽ യാത്രക്കാരനെ ഇറക്കി തിരിച്ച് വരുന്നതിനിടെയാണ് ശശിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. അതിശക്തമായ ചൂടിൽ ദീർഘസമയം യാത്ര ചെയ്തതിനാൽ ശരീരത്തിന്റെ പുറംഭാഗങ്ങളിലും കൈകളിലും പൊള്ളലേറ്റു. ഓട്ടോ ഓടിക്കവെ തന്നെ ശശിക്ക്
അസ്വസ്ഥതകൾ തോന്നിയെങ്കിലും പിന്നീട് ലക്ഷണങ്ങൾ രൂക്ഷമായി. 23-ാം തീയതി ശരീരത്തിൽ പുകച്ചിലും വേദനയും കൂടിയതോടെ ശശി പാനൂർ ആശുപത്രിയിലെത്തി ചികിത്സ തേടി.
വേനൽക്കാലത്ത് പ്രത്യേകിച്ച് പകൽ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ഉൾപ്പെടെയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു . ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക, തല മൂടി സംരക്ഷിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.