കൊടുംചൂടിൽ ഒമ്പത് മണിക്കൂർ വൈദ്യുതി തടസം

ന്യൂമാഹി: കൊടുംചൂടിൽ വൈദ്യുതി ഇല്ലാതെ കുറിച്ചിയിൽ ഈയ്യത്തുങ്കാട് മണിയൂർ വയൽ പ്രദേശത്തെ 30 ലേറെ കുടുംബങ്ങൾ ഉറങ്ങാനാവാതെ ദുരിതത്തിലായി. വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് വൈദ്യുതി തടസ്സമുണ്ടായത്. മണിയൂർ വയലിലെ ട്രാൻസ്ഫോർമറിലെ ഒരു ലൈനിലാണ് വൈദ്യുതി തകരാർ ഉണ്ടായത്. ഫാൻ പ്രവർത്തിക്കാത്തതിനാൽ ഉറങ്ങാൻ കഴിയാതിരുന്ന ഉപഭോക്താക്കൾ കോടിയേരി വൈദ്യുതി ഓഫീസിലേക്ക് പരാതിപ്പെട്ടെങ്കിലും ജംബർ തകരാറാണെന്നും രാത്രിയിൽ ഒന്നും ചെയ്യാനാവില്ലെന്നും ആവശ്യത്തിന് ജീവനക്കാരില്ലെന്നും മറുപടി.
നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ രാവിലെ 10.30 ഓടെയാണ് തകരാർ പരിഹരിച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്.
കോടിയേരി വൈദ്യുതി സെക്ഷനിലെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ വൈദ്യുതി വകുപ്പ് ഉന്നതാധികൃതർക്ക് ഉപഭോക്താക്കൾ പരാതി നൽകി.