വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം
സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ നിർദേശം നൽകി. സീൽ ചെയ്യാത്ത മുറികൾ പോലും തുറക്കരുതെന്നാണ് ജില്ലാ കളക്ടർമാർക്ക് നൽകിയിരിക്കുന്ന കർശന നിർദേശം. പേരാമ്പ്ര, നെന്മാറ മണ്ഡലങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ മെറ്റീരിയൽ റൂം തുറന്നത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്നും, സീൽ ചെയ്യാത്ത മെറ്റീരിയൽ റൂമാണ് തുറന്നതെന്നും പേരാമ്പ്ര റിട്ടേണിങ് ഓഫീസറും ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ പ്രിസൈഡിങ് ഓഫീസർമാരുടെ ഡയറി എടുക്കാനാണ് മുറി തുറന്നതെന്നാണ് അധികൃതരുടെ വിശദീകരണം.