കടുത്ത വേനൽ ചൂട്: മാഹിയിലെ വിദ്യാലയങ്ങൾക്ക് അവധി നൽകണം
മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടുത്ത വേനൽ ചൂട് കാരണം വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് മാഹിയിലെ വിദ്യാലയങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് മാഹി റീജ്യണൽ പാരന്റ്സ് അസോസിയേഷൻ ഭാരവാഹികൾ റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. കേരളത്തിൽ CBSE, ICSE, കേരള സിലബസ്, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നീ വ്യത്യാസങ്ങളില്ലാതെ സ്കൂൾ തുറക്കുന്നത് വിലക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിലെ മനുഷ്യാവാകാശ പ്രശ്നം മുൻനിർത്തി മാഹിയിലെ വിവരാവകാശ സാമൂഹ്യ പ്രവർത്തകൻ മുനാസ് കണ്ടോത്ത്, മാഹി റീജ്യണൽ പാരന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷോഗിത വിനീത്, ജനറൽ സെക്രട്ടറി ഷിബു കാളാണ്ടിയിൽ, ശ്രീലേഷ്, ഫെബിന ഖലീൽ, സുനൈന, നിജിഷ, അൻസിയ, റിസ്‌വാന, റീഷ, ഷിബിന എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. മാഹി ചീഫ് എജുക്കേഷൻ ഓഫീസർ, പുതുച്ചേരി ഡയറക്ട്രേറ്റ് ഓഫ് സ്‌കൂൾ എജുക്കേഷൻ ഓഫീസർ എന്നിവർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.