ഒന്‍പത് കുടുംബങ്ങള്‍ക്കൊപ്പം ഒറ്റദിവസം കൊണ്ട് ആ സ്‌കൂളും അനാഥമായി; അവശേഷിക്കുന്നത്... ഇനി...
മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ ഒറ്റദിവസം കൊണ്ട് അനാഥമായത് ഒന്‍പതുകുടുംബങ്ങള്‍ മാത്രമല്ല. ഒരു സ്‌കൂള്‍ തന്നെയാണ്. പാങ് സ്‌കൂളില്‍ ആകെ ഉണ്ടായിരുന്ന എട്ട് അധ്യാപകരില്‍ ഇനി ബാക്കിയുള്ളത് നാല് പേരാണ്. പ്രധാന അധ്യാപിക അജിതയും ഇരു കണ്ണുകള്‍ക്കും കാഴ്ചശക്തി ഇല്ലാത്ത മജീദ് മാഷും ഉള്‍പ്പെടെ അഞ്ച് പേരെയാണ് സ്‌കൂളിന് നഷ്ടമായത്. പ്യൂണ്‍ ഗോപാലകൃഷ്ണന്‍, എല്‍പി വിഭാഗം അധ്യാപിക ഹസ്നത്ത്, എല്‍കെജി അധ്യാപികമാരായ റസീന, യശോദ എന്നിവരാണ് സ്‌കൂളില്‍ ഇനിയുള്ളത്.
മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷം മരിച്ചു.
ജിഎല്‍പി സ്‌കൂളിനു സമീപത്തുള്ള പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീന (37), മകള്‍ മസ്‌നീന്‍ (10), അപകടത്തില്‍ മരിച്ച സാജിതയുടെ മകനുമായ ഷഹദീന്‍, ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് (21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയില്‍. ഇതില്‍ മസ്‌നീന്‍ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മസ്‌നീന്‍ പൊള്ളാച്ചി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.