'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചാവിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം കെ രാഘവന്‍ എംപി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് എണ്ണിയിട്ടില്ല. ഭൂരിപക്ഷം കിട്ടിയ ശേഷമേ മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ച പാടുള്ളു. അതിനുമുന്‍പേ ഇത്തരമൊരു ചര്‍ച്ച പാര്‍ട്ടിക്ക് ഗുണകരമല്ല. കേരളത്തിലൊരു ഇത്തരമൊരു രീതി ആദ്യമായിട്ടാണ്. ഇത് ഏത് ഭാഗത്തുനിന്ന് വന്നാലും നല്ല പ്രവണത അല്ല. അപക്വമായിട്ടുള്ള നടപടികൂടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്ത് യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇതിനുമുന്‍പ് ഇത്തരമൊരു വാക്‌പോര് നടത്തിയത് യുഡിഎഫിന് ഗുണകരമല്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഗുണകരമല്ല. ഉത്തരവാദിത്വപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്. തെരുവില്‍ വലിച്ചിഴച്ച് ഈ വിഷയം ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

ഏത് നേതാവായാലും കൗണ്ടിങിന് മുന്‍പ് ഇത്തരം ചര്‍ച്ച നടത്തിയാല്‍ അത് പാര്‍ട്ടിക്ക് ദോഷകരം മാത്രമേ ആകൂ. താന്‍ ഒരിക്കലും നിയമസഭയില്‍ മത്സരിക്കാന്‍ താത്പര്യം കാണിച്ചിട്ടില്ല. തന്റെ അടുത്ത് വന്ന് നേതാക്കന്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. അവരുടെ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ല. തന്നോട് തോല്‍ക്കുന്ന സീറ്റ് എടുത്ത് മത്സരിക്കണമെന്ന് പറഞ്ഞു. മത്സരിച്ചാല്‍ ഒരു സീറ്റ് കൂടുതല്‍ കിട്ടുമെന്ന് പറഞ്ഞു. തന്നോട് മത്സരിക്കണമെന്ന് പറഞ്ഞവര്‍ തന്നെയാണ് ഡല്‍ഹിയില്‍ വന്ന് എംപിമാര്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടത്. അത് പ്രശ്‌നമാകരുതെന്ന് കരുതിയാണ് ഹൈക്കമാന്‍ഡ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കേരളത്തിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ദുര്‍വാശിയാണ് ഇതിന് പിന്നിലെന്നും രാഘവന്‍ പറഞ്ഞു.

എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതിനായി അദ്ദേഹത്തെ നിയോഗിച്ചത് ആരാണെന്നും രാഘവന്‍ ചോദിച്ചു.