*അതി ദാരിദ്രമുക്ത കേരളത്തിൽ കരിയാട് കോവുമ്മൽ നാരായണിയുടെ ജീവിതം കണ്ണീരണിയിക്കുന്നത്...*

*അതി ദാരിദ്രമുക്ത കേരളത്തിൽ കരിയാട് കോവുമ്മൽ നാരായണിയുടെ ജീവിതം കണ്ണീരണിയിക്കുന്നത്...*

 കരിയാട്:

പുതിയ കാലഘട്ടത്തിൽ ദാരിദ്ര മുക്ത കേരളത്തിൽ മയ്യഴി പുഴയുടെ തീരത്ത് പാനൂർ നഗരസഭയിൽ 25ാം വാർഡിൽ താമസിക്കും കരിയാട് പ്രദേശത്തെ കോവുമ്മൽ നാരായണിയുടെ ജീവിതം  ദൈന്യതയുടെ പര്യായമായി തുടരുന്നു.

സർക്കാർ തലത്തിൽ 

ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക്ഉതകുന്ന പല പദ്ധതികളും അർഹമായവർക്ക് എത്തിച്ചേരുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കേണ്ടതാണ് എന്നാണ്കോവുമ്മൽ നാരായണി അമ്മയുടെ നേർചിത്രം വ്യക്തമാക്കുന്നത്.

 ഉറ്റവരും ഉടയവരും ഇല്ലാത്ത ഈ രോഗിയായ നാരായണി അമ്മയ്ക്ക് വിധവ പെൻഷൻ കിട്ടുന്നത് കൊണ്ട് മാത്രമാണ് ജീവിതം തള്ളി നീക്കുന്നത് . 2018 ൽ നടന്ന കാലവർഷക്കെടുതിയിൽ തകർന്ന വീടുന്നുള്ളിൽ തനിച്ചാണ് നാരായണിയമ്മയുടെ ജീവിതം . എല്ലാവർക്കും പാർപ്പിടം എന്ന സർക്കാരിൻ്റെ ലൈഫ് ഭവന പദ്ധതിയിൽ എന്ത് കൊണ്ടും അർഹതപ്പെട്ടവരിൽ മുൻ നിരയിൽ ഉള്ളതാണ് നാരായണിയമ്മ. എന്നാൽ സർക്കാർ ലൈഫ് ആനുകുല്യം ഒന്നും ലഭിച്ചില്ല എന്ന് നാരായണിയമ്മ പറയുന്നു . വീട് തകർന്നത് മുതൽ നഗരസഭ ഉദ്യോഗസ്ഥർക്കും മാറി മാറി വന്ന വാർഡ് കൗൺസിലർമാർക്കും ആവശ്യങ്ങൾ പറഞ്ഞും നിവേദനങ്ങൾ കൊടുത്തും തൻ്റെ പേരിലുള്ള മൂന്നര സെൻ്റ് സ്ഥലത്ത് വീടിന് തറയും കെട്ടി ഇന്നും കാത്തിരിപ്പാണ് 72 വയസ്സുള്ള നാരായണിയമ്മ. ശക്തമായ മഴയും കാറ്റും ഉള്ള സമയങ്ങളിൽ രാത്രി കാലത്ത് സഹോദരിയുടെ വീട്ടിൽ അഭയം തേടുകയാണ് പതിവ് . തൻ്റെ വാർഡിൽ പലർക്കും ലൈഫിൽ വീടു ലഭിച്ചതായി ചൂണ്ടിക്കാട്ടുമ്പോഴും എന്ത് കൊണ്ട് എന്നെ മാത്രം ഒറ്റപ്പെടുത്തുന്നു എന്ന് പറഞ്ഞു കരയുകയാണ് ഈ അമ്മ . വർഷങ്ങളായി എല്ലാ തിരഞ്ഞടുപ്പിലും രോഗിയായ നാരായണിയമ്മയെ ഓപ്പൺ വോട്ട് ചെയ്യിപ്പിക്കാൻ ആ പ്രദേശത്തെ രാഷ്‌ട്രീയ പ്രവർത്തകർ മുൻകൈ എടുത്തിട്ടുണ്ടെങ്കിലും അർഹമായ ആനുകൂല്യത്തിൻ്റെ കാര്യത്തിൽ മുഖം തിരിക്കാറാണ് പതിവ് എന്നും ഈ കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുവരെ വോട്ട് ചെയ്യിപ്പിച്ചു എന്നാൽ ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അതും നഷ്‌ടപ്പെട്ടു എന്നും നാരായണിയമ്മ പറയുന്നു . അടച്ചുറപ്പുള്ള ഒരു വീടിനായി ഇനി ആരെ സമീപിക്കണം എന്തൊക്കെ ചെയ്യണം എവിടെയൊക്കെ പോകണം എന്നൊന്നും അറിയാതെ കണ്ണീരണിയുന്നു ഈ പാവം അമ്മ.