വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞു94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 15.89 ഡോളര്‍ കുറഞ്ഞ് 97.06 ഡോളറിലേക്കാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയെത്തിയത്.

യു.എസും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്താന്‍ ധാരണയിലായിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചുവെന്ന് യു.എസ് പ്രസിഡന്റ് അറിയിച്ചു. ശാശ്വതസമാധാനത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, ഇറാനിലേക്ക് ഇന്ന് രാത്രി നടത്താനിരുന്ന വിനാശകരമായ സൈനിക നീക്കം നിര്‍ത്തുകയാണെന്ന് ട്രംപ് അറിയിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രിയുടേയും സംയുക്ത സൈനികമേധാവിയുടേയും അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്‍മേലുമാണ് രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്ന് ഡോണള്‍ഡ് ട്രപ് അറിയിച്ചിരുന്നു.

ഇരുപക്ഷവും അംഗീകരിച്ച ഒരു വെടിനിര്‍ത്തലായിരിക്കും ഇത്. ഇറാനിലെ യുദ്ധലക്ഷ്യങ്ങള്‍ നമ്മള്‍ നേടിയിട്ടുണ്ട്. അമേരിക്കയുടെ 15ഇന പദ്ധതിക്ക് മറുപടിയായി 10 നിര്‍ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതില്‍ യു.എസ് ചര്‍ച്ച നടത്ത തീരുമാനമെടുക്കും. മുന്‍കാല തര്‍ക്കവിഷയങ്ങളില്‍ ഇറാനും യു.എസും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ അതിനെ പ്രതിരോധിക്കുന്നതിനായി തങ്ങള്‍ നടത്തുന്ന സൈനിക നടപടി നിര്‍ത്തിവെക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്‍ സൈന്യവുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.