പ്ലസ് വൺ റീ-ടെസ്റ്റ്: ആശങ്ക വേണ്ടെന്ന് സ്കൂൾ അധികൃതർ; ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കണം

പ്ലസ് വൺ റീ-ടെസ്റ്റ്: ആശങ്ക വേണ്ടെന്ന് സ്കൂൾ അധികൃതർ; ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കണം

മാഹി: പ്ലസ് വൺ പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ കൂടുതൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് റീ-ടെസ്റ്റ് അനുവദിക്കില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ ആശങ്ക വേണ്ടെന്ന് സ്കൂൾ അധികൃതർ. നിലവിൽ പോണ്ടിച്ചേരി വിദ്യാഭ്യാസ വകുപ്പിൽ നിന്നും റീ-ടെസ്റ്റ് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും രണ്ട് വിഷയങ്ങളിൽ കൂടുതൽ പരാജയപ്പെട്ടവർക്ക് റീ-ടെസ്റ്റ് എഴുതാൻ കഴിയില്ലെന്നും അവർ ടി.സി വാങ്ങി പോകേണ്ടി വരുമെന്നുമുള്ള തരത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. 

സി.ബി.എസ്.ഇ നിയമപ്രകാരം രണ്ട് വിഷയങ്ങൾ വരെ പരാജയപ്പെട്ടവർക്കാണ് സാധാരണയായി റീ-ടെസ്റ്റ് അനുവദിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പോണ്ടിച്ചേരി സർക്കാർ അഞ്ച് വിഷയങ്ങളിൽ വരെ പരാജയപ്പെട്ട കുട്ടികൾക്ക് റീ-ടെസ്റ്റ് എഴുതാൻ അവസരം നൽകിയിരുന്നു.

നിലവിൽ ഇത്തവണത്തെ റീ-ടെസ്റ്റ് തീയതികളോ, ടൈം ടേബിളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് കാലമായതിനാൽ തിരഞ്ഞെടുപ്പിന് ശേഷമേ പരീക്ഷാ കാര്യങ്ങളിൽ തീരുമാനമുണ്ടാകൂ എന്നാണ് സൂചന.

കുട്ടികളോട് ടി.സി വാങ്ങി പോകാൻ ഒരു സ്കൂളും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് പോണ്ടിച്ചേരിയിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ് സ്കൂൾ അധികൃതർ.

വിദ്യാർത്ഥികൾ ഇത്തരം അനാവശ്യ പ്രചരണങ്ങളിൽ കുടുങ്ങി ആശങ്കപ്പെടേണ്ടതില്ലെന്നും, പരാജയപ്പെട്ട വിഷയങ്ങളിൽ റീ-ടെസ്റ്റ് എഴുതി വിജയിക്കുന്നതിനായി ഈ സമയം പഠനത്തിനായി വിനിയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. പരീക്ഷാ സംബന്ധമായ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്നതാണ്