ജനസേവനം എൻഡിഎ സഖ്യത്തിൻ്റെ മുദ്രാവാക്യം: മാഹിയിൽ മത്സരിക്കുന്ന മറ്റു മുന്നണികൾ വൈരുദ്ധ്യങ്ങളുടെ കൂടാരം സി .സദാനന്ദൻ മാസ്റ്റർ എം.പി.
മാഹി: എൻ.ഡി.എ. സഖ്യത്തിൻ്റെ മുദ്രാവാക്യം ജന സേവനമാണെന്നും, മാഹി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മറ്റു സ്ഥാനാർഥികൾ വൈരുദ്ധ്യങ്ങളുടെ കൂടാരമാണെന്നും സി.സദാനന്തൻ മാസ്റ്റർ എം പി മാഹിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ പൂർണ്ണമായ മാഹിയുടെ നിർമ്മിതിയാണ് എൻ.ഡി.എ. സഖ്യത്തിൻ്റെ ലക്ഷ്യം. വികസിത ഭാരതത്തിനായി രാജ്യത്തെ നയിക്കാൻ ആവശ്യമായ കർമ്മ പദ്ധതികൾ കേന്ദ്രത്തിൽ എൻ.ഡി.എ. സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രവും, പുതുച്ചേരിയും, എൻ.ഡി.എ. ഭരിക്കുമ്പോൾ മാഹിയിൽ എൻ.ഡി.എ. സ്ഥാനാർഥി എ.ദിനേശൻ പുതുച്ചേരിയിൽ നിയമസഭയിൽ എത്തിയാൽ അതൊരു ട്രിപ്പിൾ എഞ്ചിൻ ഭരണമായിരിക്കുമെന്നും എം.പി പറഞ്ഞു.
മാഹിയിൽ മത്സരിക്കുന്ന മറ്റു മുന്നണി സ്ഥാനാർഥികൾ ആത്മ വഞ്ചനയാണ് നടത്തുന്നത്. സി.പി.എമ്മും കോൺഗ്രസും മറ്റു സംസ്ഥാനങ്ങളിൽ ഒരുമിച്ച് നിൽക്കുമ്പോൾ മാഹിയിലും കേരളത്തിലും എതിർത്ത് മത്സരിക്കുന്നു. മുസ്ലിം ലീഗിനും സ്ഥാനാർഥിയുണ്ട്. ഇടത് പക്ഷത്തിൽ പാർട്ടിയംഗം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ആത്മവഞ്ചനയും കാപട്യവും നാം കാണുന്നു.
മാഹിയിൽ കടൽ സമ്പത്ത് വലിയ തോതിൽ ഉള്ളതിനാൽ മത്സ്യ സംസ്ക്കരണം വഴി കൂടുതൽ തൊഴിൽ മേഖലകൾ കടന്നു വരും -എം.പി. പറഞ്ഞു. പുതുച്ചേരിക്ക് സംസ്ഥാന പദവി ചർച്ച ചെയ്തു വരികയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ കാര്യവും പുരോഗമിക്കുന്നു. ദരിദ്ര വിഭാഗങ്ങളിലെ കുട്ടികൾക്ക് കെ.ജി. മുതൽ പി.ജി. വരെ സൗജന്യ വിദ്യാഭ്യാസം, പട്ടിക വിഭാഗം പെൺകുട്ടികൾക്ക് വിവാഹത്തിന് 15000/- രൂപ ധന സഹായം, മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം എന്നിവ സർക്കാറിൻ്റെ ക്ഷേമ പദ്ധതികളാണ്.
ഒരു ചെറിയ ഇടവേള കഴിച്ചാൽ ബാക്കി വർഷങ്ങൾ പുതുച്ചേരിയിൽ കോൺഗ്രസാണ് ഭരിച്ചത്. കോൺഗ്രസ് ഭരണകാലത്ത് മാഹി ജനതക്ക് വേണ്ടത്ര ഗുണം ലഭിച്ചില്ല. അഴിമതിയും, സ്വജന പക്ഷപാതവും ഭരണകാലത്ത് നിലനിന്നു. മാഹി സ്പിന്നിങ്ങ് മിൽ പൂട്ടിയെങ്കിലും മറ്റൊരു തലത്തിൽ പുതിയ പദ്ധതികൾ അവിടെ കൊണ്ടുവന്ന് തൊഴിലാളികൾക്ക് ജോലി നൽകുവാനുള്ള പദ്ധതി ആലോചനയിലാണ്. അറവിലത്ത് പാലം അടിപ്പാതയുടെ കാര്യവും പരിഗണനയിലുണ്ട്. എം.പി. പറഞ്ഞു. പത്ര സമ്മേളനത്തിൽ എൻ.ഡി.എ.സ്ഥാനാർഥി എ.ദിനേശൻ, മാഹി മണ്ഡലം പ്രസിഡൻ്റ് പി.പ്രബീഷ് കുമാർ, എം.മഗനീഷ്, കെ.എം. പ്രിജേഷ്, അഡ്വ.ജ്യോതിരാജ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.