അഡ്വക്കേറ്റ് സി വി രാമകൃഷ്ണന്റെ അനുസ്മരണ സമ്മേളനം പയ്യന്നൂരിൽ നടക്കും.
പ്രശസ്ത സിവിൽ അഭിഭാഷകനും പയ്യന്നൂരിന്റെ നീതിന്യായ രംഗത്ത് ആറു പതിറ്റാണ്ട് കാലം സാന്നിധ്യവുമായിരുന്ന അഡ്വക്കേറ്റ് സി വി രാമകൃഷ്ണന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം പയ്യന്നൂരിൽ നടക്കും. ഏപ്രിൽ നാലിന് ശനിയാഴ്ച വൈകുന്നേരം 4.30ന് പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബദറുദ്ദീൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സി.വി. രാമകൃഷ്ണന്റെ ഓർമ്മകൾ അയവിറക്കുന്ന ഓർമ്മ പുസ്തകം അദ്ദേഹം പ്രകാശനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തകം ഏറ്റുവാങ്ങും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി സി.സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ അഡ്വക്കേറ്റ് കെ. വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് വി.കെ. രവീന്ദ്രൻ, അഭിഭാഷകരായ കെ. ബ്രിജേഷ് കുമാർ, എസ്. ഗൗരി അന്തർജ്ജനം, അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ പ്രസിഡണ്ട് വി. വി. മധുസൂദനൻ എന്നിവർ സംസാരിക്കും. ഏ.വി. സന്തോഷ് കുമാർ പുസ്തകാനുഭവം പങ്കുവെക്കും. ഡോട്ട് ചിത്രകാരൻ സുരേഷ് അന്നൂർ തയ്യാറാക്കിയ അഡ്വക്കേറ്റ് സി.വി. രാമകൃഷ്ണൻ്റെ ഛായാ ചിത്രം വേദിയിൽ വച്ച് കുടുംബാംഗങ്ങൾക്ക് സമ്മാനിക്കും. ചടങ്ങിന് യു രാജേഷ് സ്വാഗതവും സി. വി. വിനോദ് കുമാർ നന്ദിയും അറിയിക്കും.