ലോക്ഡൗൺ അഭ്യൂഹം തള്ളി കേന്ദ്ര സർക്കാർ

ലോക്ഡൗൺ അഭ്യൂഹം തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും എന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ.

ഒരുഘട്ടത്തിലും സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ലാത്ത കാര്യമാണതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ലോക്ഡൗൺ അഭ്യൂഹങ്ങൾ പൂർണമായും തെറ്റാണ്. 

വ്യാജപ്രചാരണങ്ങൾ നടത്തി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും ഉത്തരവാദിത്വ ബോധത്തോടെ ഒന്നിച്ച് നിൽക്കണം എന്നും മന്ത്രി പറഞ്ഞു.

ലോക്ഡൗണിനെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ലെന്ന് ഡൽഹിയിൽ പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിശദീകരിക്കാൻ വിളിച്ച വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്ര സമ്മേളനത്തിലും അധികൃതർ ആവർത്തിച്ചു.

പെട്രോൾ, ഡീസൽ, പാചക വാതക ലഭ്യത ഉറപ്പാക്കാൻ സർക്കാർ നടപടി എടുത്തിട്ടുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും പെട്രോളിയം മന്ത്രാലയ ജോയന്റ് സെക്രട്ടറി സുജാതാ ശർമ പറഞ്ഞു.

രണ്ടുമാസത്തേക്കുള്ള ഇന്ധനലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് ഇന്ധന, പാചക വാതക ശേഖരം ഇപ്പോഴുണ്ട്. അഭ്യൂഹങ്ങൾ വിശ്വസിച്ച് പരിഭ്രാന്തരായി കൂട്ടത്തോടെ വാങ്ങുമ്പോഴാണ് പ്രതിസന്ധി ഉണ്ടാകുന്നത്.