'കേരളത്തില്‍ സിപിഎം - ബിജെപി കൂട്ടുകെട്ട്'; ഡീല്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി രാഹുല്‍ ഗാന്ധി

'കേരളത്തില്‍ സിപിഎം - ബിജെപി കൂട്ടുകെട്ട്'; ഡീല്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി രാഹുല്‍ ഗാന്ധി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി - സിപിഎം ബന്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ റാലിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സജീവ ചര്‍ച്ചയിലുള്ള ഡീല്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. സിപിഎം - ബിജെപി കൂട്ടുകെട്ടിനെ 'സിജെപി', കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി എന്ന് ആക്ഷേപിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. ബിജെപിയോട് നിരന്തരം ഏറ്റുമുട്ടുന്ന തനിക്കെതിരെ നിലവില്‍ 46 കേസുകളുണ്ട്. എന്നാല്‍ സിപിഎം നേതാക്കള്‍ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നത് ഒത്തുകളിയുടെ ഭാഗമാണ്. അയ്യനെ ബഹുമാനിക്കാത്തവര്‍ക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കാന്‍ സാധിക്കുകയെന്നും രാഹുല്‍ ചോദിച്ചു. കേരളത്തിലെ സിപിഎം ബിജെപി അജണ്ടകള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കുറ്റപ്പെടുത്തിയിരുന്നു. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സര്‍ക്കാരെന്നും നാട്ടില്‍ ചായക്കട തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറും തുടങ്ങിയെന്നും ഖാര്‍ഗെ പറഞ്ഞു. കോഴിക്കോട് യുഡിഎഫ് റാലിയില്‍ സംസാരിക്കവേയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഖാര്‍ഗെ വിമര്‍ശനമുന്നയിച്ചത്.