മാഹിയിൽ വോട്ടർ ബോധവൽക്കരണ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു
മാഹി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'സ്വീപ്' (SVEEP - Systematic Voters' Education and Electoral Participation) പരിപാടിയുടെ ഭാഗമായി മാഹി പുഴയോര നടപ്പാതയിൽ വോട്ടർമാരുടെ പ്രതിജ്ഞ ചൊല്ലലും ഒപ്പുശേഖരണവും നടന്നു.
തിരഞ്ഞെടുപ്പ് ദിനത്തിൽ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാഹി അഡ്മിനിസ്ട്രേറ്ററും റിട്ടേണിംഗ് ഓഫീസറുമായ അങ്കിത് കുമാർ ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്വീപ് നോഡൽ ഓഫീസർ സി. സജീന്ദ്രൻ സ്വാഗതം ആശംസിച്ചു.
എ.ആർ.ഒ പ്രശാന്ത് കുനിയിൽ,ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, സെക്ടർ ഓഫീസർ സദാനന്ദൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്വീപ് അംഗങ്ങളായ ടി.പി. ഷൈജിത്ത്, സതേഷ് തെക്കേയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പുഴയോര നടപ്പാതയിൽ നടന്ന ഈ ജനകീയ കൂട്ടായ്മ.