"പെണ്ണുങ്ങളെ തഴയാന്‍ ആണുങ്ങള്‍ ഒറ്റക്കെട്ടാണ്"; ബീവിയുടെ വാക്കു തിരുത്താത്ത തെരഞ്ഞെടുപ്പു കഥകള്‍

"പെണ്ണുങ്ങളെ തഴയാന്‍ ആണുങ്ങള്‍ ഒറ്റക്കെട്ടാണ്"; ബീവിയുടെ വാക്കു തിരുത്താത്ത തെരഞ്ഞെടുപ്പു കഥകള്‍

വളരെ ചുരുക്കം വനിതാ നേതാക്കള്‍ക്കാണ് രാഷ്ട്രീയകേരളം ഇടമൊരുക്കിയിട്ടുള്ളത്. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ആണ്‍ അധികാരബോധത്തിനു കുറുകെ ധീരതയുടെ പാലമിട്ടു കയറിചെന്നവരാണ് അവരോരോരുത്തരും. അധികാരവ്യവസ്ഥ മാറ്റമില്ലാതെ തുടരുമ്പോഴും വീണ്ടും വീണ്ടും ആ കളത്തിലേക്കിറങ്ങാന്‍, രാഷ്ട്രീയം പുരുഷവേഷമല്ലെന്ന് ഉറക്കെപ്പറയാന്‍ ഊര്‍ജ്ജമാകുന്നത് അവരുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളാണ്.

സെലിബ്രിറ്റി പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പില്‍ സര്‍വ്വസാധാരണമാണ്. സിനിമാതാരങ്ങള്‍ മുതല്‍ രാഷ്ട്രീയനേതാക്കളും എഴുത്തുകാരുംവരെ അതില്‍പ്പെടും. എന്നാല്‍ സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയും എം.ജി.ആറും പരസ്പരം പോരടിച്ച പ്രചാരണം കേരളത്തില്‍ നടന്നിട്ടുണ്ട്. 1958ല്‍. കേരളം ആദ്യമായി ഉപതെരഞ്ഞെടുപ്പു നേരിട്ട കാലം. അതും പോരാട്ടവീര്യംകൊണ്ടു ചുവന്നിരുന്ന ദേവികുളത്തിന്റെ മണ്ണില്‍. അന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.കെ. നായര്‍ക്കുവേണ്ടി കളത്തിലിറങ്ങിയതു സാക്ഷാല്‍ ഇന്ദിരാ ഗാന്ധി. വൈകാതെ തമിഴ്നാട് ( അന്ന് മദ്രസാണ് ) മുഖ്യമന്ത്രി കെ കാമരാജും കോണ്‍ഗ്രസ്സിനായിത്തന്നെ രംഗത്തെത്തി. പക്ഷെ അതിലൊന്നും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് യാതൊരു കൂസലുമുണ്ടായില്ല. അവര്‍ ഒറ്റക്കു ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ഇന്ദിരക്കും കാമരാജിനും ജയ് വിളിച്ചെത്തിയതിനേക്കാള്‍ ആവേശത്തോടെ ജനങ്ങള്‍ ആ നേതാവിനു ചുറ്റും അണിനിരന്നു.

അവിചാരിതമായാണു രണ്ടു സെലിബ്രിറ്റികള്‍ കൂടെ ചൂടുപിടിച്ച ആ മത്സരരംഗത്തേക്ക് എത്തിയത്. സിനിമാ ഷൂട്ടിങ്ങിനായി മൂന്നാറിലെത്തിയ മഹാനടന്‍ എം.ജി. രാമചന്ദ്രനും സംഗീത സംവിധായകന്‍ ഇളയരാജയും ഇടതുസ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യങ്ങളര്‍പ്പിക്കാനും ദേവികുളത്തേക്ക്. ദേവികുളം ഇന്ദിരയുടെയും എം.ജി.ആറിന്റെയും വശങ്ങളിലേക്ക് പിരിഞ്ഞു. ശക്തമായ പോളിംഗ് നടന്നു. വിധി ചുവന്ന മഷിയില്‍ അവരുടെ സഖാവിനെ തെരഞ്ഞെടുത്തു. ഇന്ദിര വിതറിയ ഓളത്തിനും മുകളില്‍ പറന്ന് 7080 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അന്നാദ്യമായി ഒരു വനിത ഉപതിരഞ്ഞെടുപ്പു വിജയിച്ചെത്തി. കേരള നിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത, ആദ്യ പ്രോടെംസ്പീക്കറായ റോസമ്മ പുന്നൂസ്.അത്രക്കു വേരോട്ടമായിരുന്നു അവര്‍ക്ക് ആ മണ്ണില്‍. ശരിക്കുമൊരു നായകത്വം. കലഹങ്ങളായിരുന്നു റോസമ്മയുടെ രാഷ്ട്രീയ ജീവിതത്തെ നയിച്ചിരുന്നത്. ഇരുപത്തിയാറാം വയസ്സില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായി സജീവ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലേക്കു വന്ന അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു മൂന്നുവര്‍ഷത്തെ ജയില്‍ വാസവും അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവിതാംകൂറിലെ സ്ഥാപകനേതാവായ പി.ടി. പുന്നൂസുമായി പ്രണയത്തിലാവുകയും 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. ഇതരവിഭാഗക്കാരനും കമ്യൂണിസ്റ്റുമായിരുന്ന പുന്നൂസുമായുള്ള വിവാഹത്തെ സഭ എതിര്‍ത്തെങ്കിലും അതു വകവെക്കാതെ ഇരുവരും വിവാഹിതരായി. കേരള സംസ്ഥാനരൂപീകരണത്തിനു പിറകേ നടന്ന തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്നും മത്സരിച്ചു ജയിച്ചെങ്കിലും എതിര്‍സ്ഥാനാര്‍ഥി ബി.കെ. നായരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയതിനെതിരെ സര്‍പ്പിച്ച ഹര്‍ജിയിലെ കോടതിവിധിയെത്തുടര്‍ന്നു തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യപ്പെട്ടു. പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ചരിത്രവിജയം. കേരളത്തിലാദ്യമായി സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെ അടയാളമിട്ടു വോട്ടു രേഖപ്പെടുത്തുന്ന രീതി നിലവില്‍ വന്നത് ആ തെരഞ്ഞെടുപ്പിലാണ്.