ഇന്ത്യയും ഇസ്രയേലും സ്വതന്ത്ര വ്യാപാര കരാറിലെത്താൻ ധാരണ

ഇന്ത്യയും ഇസ്രയേലും സ്വതന്ത്ര വ്യാപാര കരാറിലെത്താൻ ധാരണ

ഇന്ത്യയും ഇസ്രയേലും ഉടൻ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവയ്ക്കാൻ ധാരണയായി.

ഇന്ത്യയും ഇസ്രയേലും ഉടൻ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവയ്ക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനംഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇന്നൊവേഷൻ, സാംസ്കാരിക വിനിമയം, നിർമിതബുദ്ധി, നിക്ഷേപം, കൃഷി, വിദ്യാഭ്യാസം നിർമാണം തുടങ്ങിയ മേഖലകളില്‍ 17 കരാറുകളില്‍ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചു. ഗാസ സമാധാന പദ്ധതിക്ക് മോദി പിന്തുണ അറിയിച്ചു.

പ്രതിരോധ മേഖലയില്‍ നിലവിലുള്ള ശക്തമായ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലായി. സൈനികോപകരണങ്ങള്‍ സംയുക്തമായി വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യും. സാങ്കേതികവിദ്യ പരസ്പരം കൈമാറും. ഇസ്രയേലില്‍ യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് ഉപയോഗിക്കുന്നതിലുള്ള കരാറിലെത്തിയെന്ന് ഇന്ത്യയിലേക്കു മടങ്ങും മുന്പ് നരേന്ദ്ര മോദി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്ക-ഇറാൻ സംഘർഷവും മേഖലയിലെ മറ്റു വിഷയങ്ങളും മോദിയും നെതന്യാഹുവും ചർച്ച ചെയ്തു. മേഖലയിലെ സംഘർഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമുണ്ടാകാൻ എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഭീകരതയെ ഇരു രാജ്യങ്ങളും അപലപിച്ചു. ഭീകരത അമർച്ച ചെയ്യാൻ ഇരു രാജ്യങ്ങളും ഒരുമിച്ചുനില്കുമെന്ന് മോദിയും നെതന്യാഹുവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗുമായും ഇന്നലെ നരേന്ദ്ര മോദി ചർച്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച.

രണ്ടു ദിവസത്തെ ഇസ്രയേല്‍ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മടങ്ങി. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും മോദിക്ക് യാത്രയയപ്പ് നല്കി. ഒന്പതു വർഷത്തിനുശേഷമായിരുന്നു നരേന്ദ്ര മോദി ഇസ്രയേലിലെത്തിയത്.