സവാളച്ചാക്കുകൾക്കിടയിൽ 10 ടൺ ഹാൻസ്; ഇരിട്ടി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
സവാള കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്ത് ടണ്ണോളം നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കൊരട്ടിയിൽ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ഇരിട്ടി സ്വദേശികളായ ഡെൻസൻ ബാബു, ഷുഹൈബ് സുലൈമാൻ എന്നിവരെ അറസ്റ്റ് ചെയ്തു.
തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറിയിൽ അഞ്ച് ടൺ സവാളയും കയറ്റിയിരുന്നു.
പരിശോധനയിൽ സംശയം തോന്നാതിരിക്കാൻ ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ചാക്കുകൾ മാറ്റി പരിശോധിച്ചപ്പോഴാണ് വൻ ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.