സൈക്കിളിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയും, ആയിരങ്ങൾക്ക് അന്നദാനം നടത്തുന്ന നേതാവും — രാജ്യത്ത് വേറിട്ട മുഖമായി N. രംഗസ്വാമി
പുതുചേരി രാഷ്ട്രീയത്തിൽ അധികാരവും ആഡംബരവും വിമർശനങ്ങൾക്കിടയാകുമ്പോൾ, ജനങ്ങളോടൊപ്പം വളരെ ലളിതമായി ജീവിച്ച് വേറിട്ടുനിൽക്കുകയാണ് N. രംഗസ്വാമി
പുതുച്ചേരി ജനങ്ങൾ അദ്ദേഹത്തെ ഒരു മുഖ്യമന്ത്രിയായി മാത്രമല്ല, “പുതുവൈ കാമരാജ്” എന്ന പേരിൽ സ്നേഹത്തോടെ വിളിക്കുന്നു. K. കമരാജിനെ പോലെ ലളിത ജീവിതവും അതേ രീതിയിലുള്ള വേഷവും അദ്ദേഹത്തെ ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനത്തേക്ക് ഉയർത്തി.
താഴെയെത്തുന്ന വെളുത്ത ജുബ്ബയും ഖദർ മുണ്ടുമാണ് രംഗസാമിയുടെ സ്ഥിരവേഷം. അധികാരത്തിന്റെ അകമ്പടികളില്ലാതെ, സുരക്ഷാ വാഹനങ്ങളോ സുരക്ഷാ ഉദ്യോഗസ്ഥരുടെ നീണ്ട നിരകളോ ഇല്ലാതെ അദ്ദേഹം ഇന്നും നാട്ടിൽ സൈക്കിളിലും നഗരത്തിലേക്ക് ബൈക്കിലും സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്. ജനങ്ങളുമായി നേരിട്ട് ഇടപഴകിയാണ് അദ്ദേഹത്തിന്റെ ദിനചര്യ.
രാവിലെ വീട്ടിനടുത്തുള്ള ക്ഷേത്രത്തിൽ പൂജയോടെ ദിനം ആരംഭിക്കുന്ന രംഗസാമി, പിന്നീട് സുഹൃത്തുക്കളോടൊപ്പം മൈതാനിയിൽ ടെന്നീസ് കളിക്കുകയും, നാട്ടുചായക്കടയിൽ സാധാരണക്കാരോടൊപ്പം ചായ കുടിക്കുകയും ചെയ്യുന്നു. നിയമസഭാ മന്ദിരത്തിലെ ഓഫീസിലെത്തിയാൽ ജനപ്രവാഹമാണ്; ആർക്കും എപ്പോഴും കയറി വരാം. പ്രോട്ടോകോൾ നിയന്ത്രണങ്ങളില്ല. പരാതിയുമായി എത്തുന്ന ആരെയും നിരാശപ്പെടുത്താറില്ല.
അഞ്ചാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റ രംഗസാമി, പുതുച്ചേരിയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തിയായി ചരിത്രം കുറിച്ചു.
ലോക് നിവാസിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ കൈലാഷ്‌നാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആത്മീയതയിലും ജ്യോതിഷത്തിലും വിശ്വാസമുള്ള രംഗസാമി, നിശ്ചയിച്ച മുഹൂർത്തമായ രാവിലെ 9.47-നാണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്.
രംഗസാമിയുടെ ജീവിതത്തിൽ ആത്മീയ ഗുരുവായ അപ്പാ പൈത്യസാമിക്ക് വലിയ സ്ഥാനമുണ്ട്. പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ — മുന്നണി ബന്ധങ്ങൾ, സ്ഥാനാർത്ഥി നിർണയം, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ — എല്ലാം ഗുരുവിന്റെ അനുഗ്രഹത്തോടെയാണെന്ന വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. 1990-ൽ ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് രാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരുങ്ങിയ രംഗസാമിയെ പിന്തിരിപ്പിച്ചതും അപ്പാ പൈത്യസാമിയായിരുന്നു. “നീ പുതുച്ചേരിയുടെ രാജാവാകും” എന്ന ഗുരുവിന്റെ പ്രവചനം പിന്നീട് യാഥാർത്ഥ്യമായെന്നാണ് അനുയായികൾ പറയുന്നത്.
തന്റെ ആത്മീയ ഗുരുവിന്റെ സ്മരണയ്ക്കായി ഗോരിമേടിലെ സ്വന്തം സ്ഥലത്ത് ക്ഷേത്രം നിർമ്മിച്ച രംഗസാമി, അവിടെ സ്ഥിരമായി ആയിരങ്ങൾക്ക് അന്നദാനം നടത്തി വരുന്നു. കൂടാതെ സേലത്തിലെ ഗുരുവിന്റെ സമാധിസ്ഥലവും, പൊള്ളാച്ചിക്ക് സമീപമുള്ള വേട്ടക്കാരൻപുത്തൂരിലെ അഴുക്ക് സാമിയുടെ ക്ഷേത്രവും അദ്ദേഹം ഇടയ്ക്കിടെ സന്ദർശിച്ച് പൂജകൾ നടത്താറുണ്ട്.
സ്വന്തമായി രൂപീകരിച്ച All India N.R. Congress പാർട്ടിയെ വീണ്ടും വിജയത്തിലേക്ക് നയിച്ച് രംഗസാമി അഞ്ചാം തവണ അധികാരത്തിലെത്തി. ഈ തവണ മുൻകാലത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി, സഖ്യകക്ഷികളെ ആശ്രയിക്കാതെ തന്നെ ഭൂരിപക്ഷം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മാഹീയോടും പ്രത്യേക സ്നേഹം പുലർത്തുന്ന മുഖ്യമന്ത്രിയാണ് രംഗസാമി. മാഹിയിൽ നിരവധി വികസന പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്താണ് നടപ്പിലായത്. രാഷ്ട്രീയഭേദമന്യേ എല്ലാ പാർട്ടികളിലെയും നേതാക്കളുമായി സൗഹൃദം പുലർത്തുന്ന അപൂർവ ഭരണാധികാരിയായി അദ്ദേഹം ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നു.
ചിത്രവിവരണം : ലളിതജീവിതത്തിന്റെ ഉദാഹരണം; ടെന്നീസ് കഴിഞ്ഞ് ജനങ്ങളെ കാണുന്ന മുഖ്യമന്ത്രി N. രംഗസ്വാമി