എം.എം. എജ്യുക്കേഷണൽ സൊസൈറ്റി അവാർഡ് മീറ്റ് 31ന്
മാഹി: എം.എം. എജ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സംസ്ഥാന, ജില്ലാ സ്കൂൾതലങ്ങളിൽ പഠനം, കലാ, കായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിക്കുന്ന അവാർഡ് മീറ്റ് 2026 ഒക്ടോബർ 31ന് നടക്കും. രാവിലെ 11ന് സ്കൂൾ കോമ്പൗണ്ടിലെ പാറാൽ മൊയ്തു ഹാജി റൂഫ് ടോപ്പ് ഓഡിറ്റോറിയത്തിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ അഞ്ച് വർഷമായി എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ സ്കൂൾ 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടാനും സ്കൂളിന് കഴിഞ്ഞു. കായികരംഗത്ത് തലശ്ശേരി സൗത്ത് സബ് ജില്ലാതലത്തിൽ തുടർച്ചയായി രണ്ട് വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ സ്വന്തമാക്കി.
സ്കൂളിലെ നിരവധി വിദ്യാർഥികൾ ജില്ലാ, സംസ്ഥാന സ്കൂൾതല കായിക മത്സരങ്ങളിൽ സ്വർണം, വെള്ളി മെഡലുകൾ നേടി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്ലസ് വൺ പൊതുപരീക്ഷയിൽ 560ൽ 560 മാർക്കും നേടി സഹറ സിറാജുദ്ദീൻ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി.
പത്രസമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി ടി.കെ. അബ്ദുൽ റഹൂഫ്, മാനേജർ അബ്ദുൽ താഹിർ കൊമ്മത്ത്, പി.ആർ.ഒ. വി.പി. മുഹമ്മദ് നൗഫ്ൽ, ഖജാൻജി പി മുസ്തഫ പറമ്പത്ത് എന്നിവർ പങ്കെടുത്തു.