നോർത്ത് കേരള കിഡ്സ് അത്ലറ്റിക്സ്: ചാമ്പ്യൻഷിപ്പ് നവംബർ 7 ന് മാഹിയിൽ
മാഹി ഫിറ്റ്നസ് അക്കാദമിയും കേരള കിഡ്സ് അക്കാദമിയും ചേർന്ന് കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് കേരള കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നവംബർ 7 ന് മാഹി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാഹിയിലെയും വടക്കൻ കേരളത്തിലെ ആറോളം ജില്ലകളിലെയും കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. സ്കൂളുകൾക്കും രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്കും സ്പോർട്സ് അക്കാദമികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 50 മീറ്റർ ഓട്ടം, ഹർഡിൽസ് ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, കിഡ്സ് ജാവലിൻ, 4 × 50 മീറ്റർ ഷട്ടിൽ റിലേ എന്നീ അഞ്ചോളം ഇനങ്ങളിലായി 8,10,12 വയസ്സിനു താഴെയുള്ള മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. വിജയികൾക്ക് ഉപഹാരമായി ക്യാഷ് പ്രൈസ്, മെഡൽ, പ്രശസ്തി പത്രം എന്നിവ സമ്മാനിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് പുതുച്ചേരി അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭ്യമാക്കും. മത്സരാർത്ഥികൾക്ക് ഒക്ടോബർ 26 വരെ പേര് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും നിഖിൽ രവീന്ദ്രൻ 99955 5727, ഹിമേഗ് 81293 36374, അർച്ചന 9656688619. എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് വാർത്താ സമ്മേളനത്തിൽ പി.സി.ദിവാനന്ദൻ, പ്രേമൻ കല്ലാട്ട്, നിഗിൽ രവീന്ദ്രൻ, വത്സരാജ് വി.എൻ, സുജിത്ത് കുമാർ എന്നിവർ അറിയിച്ചു.