വോട്ടർപട്ടിക പുതുക്കൽ; കരട് വോട്ടർ പട്ടിക നവംബർ 12 ന് പ്രസിദ്ധീകരിക്കും

കണ്ണൂര്‍: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ പി വിഷ്ണുരാജിൻ്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. വോട്ടർപട്ടിക പുതുക്കുന്നതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാരംഭ നടപടികളുമായി മുഴുവൻ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് അദ്ദേഹമഭ്യർത്ഥിച്ചു. കരട് വോട്ടർപട്ടിക അടുത്തമാസം 12 ന് പ്രസിദ്ധീകരിക്കും. അന്നുമുതൽ ഡിസംബർ 11 വരെ വോട്ടർപട്ടിക സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാവുന്നതാണ്. ഡിസംബർ 28 ന് പരാതികളിൽ പരിഹാരമുണ്ടാകും. 2027 ജനുവരി നാലിനായിരിക്കും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. 1200 ലേറെ വോട്ടർമാരുള്ള 202 ബൂത്തുകളാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലുള്ളത്. ഇവിടങ്ങളിലെ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തി ബൂത്തുകൾ ക്രമീകരിക്കുന്നതിനും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ സഹകരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പുറമെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, ഇ ആർ ഒ മാർ , ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.