ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ മാറ്റം; ഇനിമുതല്‍ 'H' എടുക്കുമ്പോള്‍ പിൻ ക്യാമറകള്‍ നോക്കാം

ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ മാറ്റം; ഇനിമുതല്‍ 'H' എടുക്കുമ്പോള്‍ പിൻ ക്യാമറകള്‍ നോക്കാം

                               
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ വലിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിള്‍ വിഭാഗത്തില്‍ "എച്ച്‌' എടുക്കുന്നതിനുള്ള ടെസ്റ്റ് സമയത്ത് ഇനി മുതല്‍ റിയർവ്യൂ ക്യാമറകളും സെൻസറുകളും ഉപയോഗിക്കാൻ അനുമതി നല്‍കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

മുൻപ് വശങ്ങളിലെയും ഉള്ളിലെയും റിയർവ്യൂ കണ്ണാടികള്‍ മാത്രം നോക്കി ടെസ്റ്റ് പൂർത്തിയാക്കണമെന്നായിരുന്നു കർശന നിയമം. കേന്ദ്ര മോട്ടോർ വാഹന നിയമത്തില്‍ വരുത്തിയ ഏറ്റവും പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കുന്നത്.

പുതിയ സാങ്കേതികവിദ്യകള്‍ ഡ്രൈവിങ് സുഗമമാക്കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. പലപ്പോഴും 'എച്ച്‌ എടുക്കുമ്പോള്‍ വാഹനത്തിന്‍റെ പിൻഭാഗം എവിടെയാണെന്ന് മനസിലാക്കാൻ പ്രയാസപ്പെടാറുണ്ട്. പുതിയ മാറ്റത്തോടെ ഈ ടെസ്റ്റ് കൂടുതല്‍ ലളിതവും കൃത്യതയാർന്നതുമാകും.

നിലവില്‍ വിപണിയിലിറങ്ങുന്ന ഭൂരിഭാഗം ആധുനിക കാറുകളിലും കമ്പനി ഫിറ്റഡ് ആയി തന്നെ മികച്ച റിയർവ്യൂ ക്യാമറകളും സെൻസറുകളും ലഭ്യമാണ്. മാറിയ സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി ഡ്രൈവിങ് ടെസ്റ്റുകളും പരിഷ്‌കരിക്കണമെന്ന ദീർഘനാളത്തെ ആവശ്യ പരിഗണിച്ചാണ് ഇപ്പോള്‍ നിയമത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്