മാഹി മേഖലയിലെ അധ്യാപക സ്ഥലംമാറ്റം നിർത്തിവെക്കണം: DYFI
മാഹി മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക വർഷത്തിന്റെ നിർണായക ഘട്ടത്തിൽ നടത്തുന്ന അധ്യാപക സ്ഥലംമാറ്റ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് DYFI പള്ളൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അക്കാദമിക വർഷത്തിന്റെ വലിയൊരു ഭാഗം പിന്നിട്ട സാഹചര്യത്തിൽ അധ്യാപകരെ സ്ഥലംമാറ്റുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ രൂപപ്പെട്ടിട്ടുള്ള മാനസികബന്ധവും പഠനത്തിലെ തുടർച്ചയും തകരുന്നതിനും ഇത് കാരണമാകുന്നു.
അർധവാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന നിർണായക സമയത്ത് ഇത്തരം സ്ഥലംമാറ്റ നടപടികളുമായി വിദ്യാഭ്യാസ അധികൃതർ മുന്നോട്ടുപോകുന്നത് വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതിയെ ബാധിക്കുന്നതാണ്.
വരാനിരിക്കുന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ ആവശ്യമായ പഠനസഹായവും പിന്തുണയും നൽകേണ്ട സമയമാണിത്. ഈ ഘട്ടത്തിൽ അധ്യാപകരെ സ്ഥലം മാറ്റാതിരിക്കുക.
സ്ഥലംമാറ്റ നടപടികൾ അടുത്ത അക്കാദമിക വർഷത്തിന്റെ ആരംഭത്തിൽ നടപ്പാക്കുന്നതാണ് വിദ്യാർത്ഥികളുടെ പഠനതാൽപര്യത്തിന് അനുയോജ്യം. അതിനാൽ നിലവിലെ സ്ഥലംമാറ്റ നടപടികൾ അടിയന്തരമായി നിർത്തിവെച്ച് വിദ്യാഭ്യാസ അധികൃതർ വിഷയത്തിൽ ഇടപെടണമെന്ന് DYFI ആവശ്യപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സി.ഇ. ഓഫീസിൽ DYFI പള്ളൂർ മേഖല കമ്മിറ്റി ചർച്ച നടത്തുന്നതിനിടെ പോലീസ് ബലപ്രയോഗത്തിലൂടെ അവരെ പിടിച്ചുകൊണ്ടുപോയ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗൗരവമേറിയ വിഷയത്തിൽ ചർച്ച നടത്താനും തങ്ങളുടെ ആശങ്കകൾ അധികൃതരെ അറിയിക്കാനുമെത്തിയവരോട് ഇത്തരത്തിൽ പെരുമാറിയത് ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്.
അധ്യാപക സ്ഥലംമാറ്റം സംബന്ധിച്ച തീരുമാനം പുനഃപരിശോധിച്ച് വിദ്യാർത്ഥികളുടെ പഠനതാൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ വിദ്യാഭ്യാസ അധികൃതർ തയ്യാറാകണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ ഗൗരവമായി പരിഗണിച്ച് അനുകൂലമായ തീരുമാനം കൈക്കൊള്ളണം.
അധ്യാപക സ്ഥലംമാറ്റ നടപടികൾ അടിയന്തരമായി നിർത്തിവെച്ചില്ലെങ്കിൽ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് DYFI പള്ളൂർ മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
DYFI
പള്ളൂർ മേഖലാ കമ്മിറ്റി