അപസ്മാരം നടിച്ച് വാർഡൻമാരെ ക്രൂരമായി മർദ്ദിച്ചു; തേനിയിൽ 17 വിചാരണത്തടവുകാർ ജയിൽ ചാടി; നാല് പേർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലില് നിന്നും സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച അർദ്ധരാത്രിയോടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയത്. രക്ഷപ്പെട്ടവരിൽ നാല് പേരെ പൊലീസ് മണിക്കൂറുകൾക്കകം പിന്തുടർന്ന് പിടികൂടി. ബാക്കിയുള്ള 13 പേർക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. തടവുകാരിലൊരാൾക്ക് അപസ്മാരം വന്നുവെന്ന് വ്യാജമായി അഭിനയിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സെല്ലിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ തന്ത്രപരമായി രക്ഷപ്പെടൽ ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പൊതു സെല്ലിലുണ്ടായിരുന്ന ചില തടവുകാർ തങ്ങളുടെ കൂട്ടത്തിലൊരാൾക്ക് അപസ്മാര ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും അടിയന്തര ചികിത്സ വേണമെന്നും പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡനെ അലറിവിളിച്ചു വരുത്തുകയായിരുന്നു. അസുഖബാധിതനായ തടവുകാരനെ രക്ഷിക്കാനായി ഡ്യൂട്ടി ജീവനക്കാർ സെല്ലിന്റെ പൂട്ട് തുറന്ന് അകത്തേക്ക് കയറിയ നിമിഷം തടവുകാർ സംഘം ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചു.
ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് കീഴ്പ്പെടുത്തിയ തടവുകാർ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇരുട്ടിന്റെ മറവിൽ ജയിൽ വളപ്പിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ മൂന്ന് ജയിൽ സുരക്ഷാ ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻതന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തേനി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ജയിലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രിയിൽ തന്നെ ആരംഭിച്ച തെരച്ചിലിൽ രക്ഷപ്പെട്ട നാല് തടവുകാരെ പരിസരപ്രദേശങ്ങളിൽനിന്ന് പ്രത്യേക സ്ക്വാഡ് പിടികൂടി. അവശേഷിക്കുന്ന 13 തടവുകാരെ കണ്ടെത്താനായി തമിഴ്നാട് പൊലീസ് പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. തേനി, മധുര, ദിണ്ടിഗൽ ജില്ലകളിലേക്കുള്ള പ്രധാന റോഡുകളിലും കേരള-തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റുകളിലും പൊലീസ് വാഹന പരിശോധനയും സുരക്ഷയും ശക്തമാക്കി. ജയിലിന്റെ പ്രാഥമിക സുരക്ഷയിലുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് വകുപ്പുതല ഉന്നത അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.