സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതിന് പുതിയ ക്രമീകരണം, സെപ്റ്റംബർ 2 മുതൽ നിലവിൽ വരും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് പുതിയ സന്ദർശന സമയം.
ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് കാണും. അതിനുശേഷമായിരിക്കും ഓഫീസിൽ സന്ദർശകരെ കാണുക. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാൻ സാധിക്കും. പുതിയ ക്രമീകരണം സെപ്റ്റംബർ 2 മുതൽ നിലവിൽ വരും.
മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് വേഗത്തിൽ പരാതി നൽകുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് മാറ്റങ്ങൾ വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് പരാതി നൽകാം. വൈകുന്നേരം 3.00 മുതൽ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.