മാഹി ബസിലിക്കയിൽ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5ന് കൊടിയേറും
മാഹി: വടക്കേ മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഒക്ടോബർ 5ന് കൊടിയേറും. രാവിലെ 11.30ന് റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക.
ഉച്ചയ്ക്ക് 12ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. കതിനാവെടികളോടൊപ്പം തിരുനാൾ അറിയിച്ച് മാഹി നഗരസഭയിൽ നിന്ന് പ്രത്യേക സൈറൺ മുഴക്കും.
ഒക്ടോബർ 14, 15 തീയതികളാണ് പ്രധാന തിരുനാൾ ദിവസങ്ങൾ. വിവിധ റീത്തുകളിൽ രാവിലെയും വൈകുന്നേരവും ദിവ്യബലിയും നൊവേനയും നടക്കും.
ഒക്ടോബർ 5ന് വൈകിട്ട് ആറിന് ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമികത്വത്തിൽ ദിവ്യബലി നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. ഷാജു ആന്റണി, ഫാ. ജോൺ വെട്ടിമലയിൽ, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഫാ. ആന്റണി പാലിയത്തറ, ഫാ. ആന്റണി പയസ്, ഫാ. ഡാനി ജോസഫ്, ഫാ. ജിജു പള്ളിപ്പറമ്പിൽ, ഫാ. മദലൈ മുത്തു, ഫാ. വാൾട്ടർ ഡിസൂസ, ഫാ. മനോജ് എസ്. ദാസ്, ഫാ. സി. ജോ. ജോസഫ്, ഫാ. ഷെബിൻ ജോർജ്, ഫാ. ഷിജോയ് ഫ്രാൻസിസ് മാച്ചിവീട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദിവ്യബലിക്ക് കാർമികത്വം വഹിക്കും.
തിരുനാൾ ജാഗരദിനമായ ഒക്ടോബർ 14ന് വൈകിട്ട് 5.30ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ ഡോ. ജൻസൺ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും നടക്കും. വൈകിട്ട് ഏഴിന് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം ആരംഭിക്കും.
ഒക്ടോബർ 15ന് പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ വിശ്വാസികൾ നേർച്ചയായി ശയനപ്രദക്ഷിണം നടത്തും. രാവിലെ 10.30ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. പാരിഷ് കൗൺസിലാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വൈകിട്ട് മൂന്നിന് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സ്നേഹസംഗമവും നടക്കും.
ഒക്ടോബർ 11ന് വൈകിട്ട് ആറിന് കണ്ണൂർ രൂപത മെത്രാൻ റവ. ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ ദിവ്യബലി നടക്കും. ഒക്ടോബർ 17ന് വൈകിട്ട് ആറിന് കണ്ണൂർ രൂപത സഹായ മെത്രാൻ റവ. ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ കാർമികത്വത്തിൽ ഫ്രഞ്ച് ഭാഷയിൽ ദിവ്യബലി അർപ്പിക്കും. ഒക്ടോബർ 18ന് വൈകിട്ട് ആറിന് വിജയപുരം രൂപത മെത്രാൻ റവ. ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിലിന്റെ കാർമികത്വത്തിലും ദിവ്യബലി നടക്കും.
ഒക്ടോബർ 21ന് വൈകിട്ട് ആറിന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിൽ സീറോ മലബാർ റീത്തിൽ ദിവ്യബലി അർപ്പിക്കും. ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
പത്രസമ്മേളനത്തിൽ സഹവികാരി ഫാ. ബിനോയ് എബ്രഹാം, പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, ജോയിന്റ് സെക്രട്ടറി മോനിഷ അനൂപ്, മീഡിയ കമ്മിറ്റി കൺവീനർ ജോസ് ബേസിൽ ഡിക്രൂസ്, ജോയിന്റ് കൺവീനർ ഷാജു കാനത്തിൽ എന്നിവർ പങ്കെടുത്തു.