*അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം: മുഴപ്പിലങ്ങാട് ബീച്ച് 19-ന് ശുചീകരിക്കും*

തലശ്ശേരി: അന്താരാഷ്ട്ര തിരദേശ ശുചീകരണ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ബീച്ച് ശുചികരണത്തിനായ് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട 50 ബീച്ചുകളിൽ ഒന്നായ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിൽ സെപ്റ്റംബർ19 ന് വിപുലമായ ശുചീകരണ യജ്ഞവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ" (SSSS-26) കാമ്പെയ്നിൻ്റെന്റെ ഭാഗമായാണിത്. 

കടൽത്തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുക, സമുദ്ര ആവാസവ്യവസ്ഥയെ വിണ്ടെടുക്കുക എന്നിവയാണ് ലക്ഷ്യം. സെപ്റ്റംബർ 19-ന് രാവിലെ 7.30 മണിക്ക് ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് പുറമെ 'ക്ലീൻ കോസ്റ്റ്, സേഫ് സീസ്' പ്രതിജ്ഞ, ഒപ്പിടൽ ക്യാപെയിൻ, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സെൽഫി പോയിന്റുകൾ എന്നിവയും ഒരുക്കും.

 പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്നും തീരദേശത്തെ മോചിപ്പിക്കുക, മുഴപ്പിലങ്ങാട് ബീച്ചിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.