*പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മന്ത്രി മല്ലാടി; എം.എൽ.എമാരുമായി നാലര മണിക്കൂർ ചർച്ച*
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശത്തെ 30 നിയമസഭാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പാക്കിവരുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി മല്ലാടി കൃഷ്ണറാവുവിന്റെ അധ്യക്ഷതയിൽ എം.എൽ.എമാരുടെ യോഗം ചേർന്നു. സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിലവിലെ സ്ഥിതിയാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. നബാർഡ് പദ്ധതിക്ക് കീഴിൽ എം.എൽ.എമാരുടെ ആവശ്യപ്രകാരം ഏറ്റെടുത്തിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും നിർവഹണവും വിശദമായി ചർച്ച ചെയ്തു.
പദ്ധതികളുടെ അടിയന്തര പ്രാധാന്യം, നടപ്പാക്കേണ്ട മുൻഗണനാക്രമം, ഓരോ മണ്ഡലത്തിലെയും വികസന ആവശ്യങ്ങൾ എന്നിവയും യോഗം പരിഗണിച്ചു. കുടിവെള്ളം, റോഡ് സൗകര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെടെ ഓരോ മണ്ഡലത്തിലും ഏറ്റെടുക്കേണ്ട പ്രധാന വികസന പ്രവർത്തനങ്ങളെക്കുറിച്ച് എം.എൽ.എമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഏകദേശം നാലര മണിക്കൂറിലധികം നീണ്ട യോഗത്തിൽ വികസന പദ്ധതികളുടെ പുരോഗതിയും തുടർനടപടികളും സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.