*24 മെഡലുകൾ നേടിയ മൂലക്കടവ് ന്യൂ ക്ലാസിക് ജിമ്മിലെ കായികതാരങ്ങൾക്ക് അനുമോദനം*
മാഹി: കണ്ണൂർ ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 24 മെഡലുകൾ നേടി സെക്കൻഡ് റണ്ണറപ്പായ മൂലക്കടവ് ന്യൂ ക്ലാസിക് ജിമ്മിലെ കായികതാരങ്ങളെ അനുമോദിച്ചു. മൂലക്കടവ് ന്യൂ ക്ലാസിക് ജിം പരിസരത്ത് നടന്ന അനുമോദനയോഗം മാഹി എം.എൽ.എ അഡ്വ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
സ്പോർട്സ് കമന്റേറ്റർ നിധിൻ വാടിയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ വിജയികളായ കായികതാരങ്ങൾക്ക് മെഡലുകളും മൊമെന്റോകളും വിതരണം ചെയ്ത് അനുമോദിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും ഡെപ്യൂട്ടി തഹസിൽദാറുമായ കെ.വി. ഷാജു, പള്ളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ റീന മേരി ഡേവിഡ്, ജില്ലാ ഫെൻസിങ് സെക്രട്ടറി അബ്ദുൽ അസീസ്, നോവലിസ്റ്റ് ഡോ. ടി.കെ. അനിൽകുമാർ, മോട്ടിവേഷണൽ സ്പീക്കർ എം. മുസ്തഫ എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ മുൻ സെക്രട്ടറി അബ്ദുൽ നാസർ സ്വാഗതവും ജിംനേഷ്യം പാർട്ണർ ടി. ശ്രീജൻ നന്ദിയും പറഞ്ഞു.