എ.കെ.ഡബ്ല്യു.എ: മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ആഗസ്റ്റ് 9 ന് മാഹിയിൽ
ഓൾ കൈന്റ്സ് ഓഫ് വെൽഡേർസ് അസോസിയേഷൻ (AKWA) തലശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധന ക്യാമ്പും മാഹിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ആഗസ്റ്റ് 9 ഞായറാഴ്‌ച കാലത്ത് 10 മണിക്ക് മാഹി ഫിഷർമാൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന മെമ്പേഴ്സ് മീറ്റിന്റെ ഉദ്ഘാടനം എ.കെ.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് ജവഹർ കോഴിക്കോട് നിർവ്വഹിക്കും. കണ്ണൂർ അഹല്യ ഐ ഹോസ്‌പിറ്റലിൻ്റെ സഹകരണത്തോടെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നത്. വിദ്യാഭ്യാസ കായിക മേഖലകളിൽ മികവ് തെളിയിച്ച മേഖലയിലെ അംഗങ്ങളുടെ മക്കളെയും വെൽഡിങ് മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ വെച്ച് ആദരിക്കും. കണ്ണൂർ ജില്ലയിലെ വെൽഡിങ് മേഖലയിൽ പ്രവർത്തിക്കുന്ന 200 ഓളം തൊഴിലാളികളും കുടുംബവും പരിപാടിയിൽ സംബന്ധിക്കും. കരോക്കെ ഗാനമേള, കൈ കൊട്ടികളി തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികളായ കണ്ണൂർ ജില്ലാ സെക്രട്ടറി ഷീജിത്ത് പെരളശ്ശേരി, തലശ്ശേരി മേഖല ഭാരവാഹികളായ മിനീഷ് പൂക്കോം, അനീഷ് പാനൂർ, അമൽ വള്ളങ്ങാട്, സനിൽ കോടിയേരി, ബിജിത്ത് പിസി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.