ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആക്കും; നിയമസഭകളിൽ അംഗസംഖ്യ 650 വരെ; ബില്ലുകൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

മണ്ഡല പുനർ നിർണയ-വനിതാ സംവരണ ബില്ലുകൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. എംപിമാർക്ക് ബില്ലിന്റെ പകർപ്പ് കൈമാറി.ലോക്സഭയിൽ നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കും. വനിതാ സംവരണം ഉടൻ നടപ്പാക്കാൻ ഡീലിമിറ്റേഷൻ ബിൽ കൊണ്ട് വരും. ലോക്സഭയിലും നിയമസഭകളിലും സീറ്റുകൾ 50% വർധിപ്പിക്കാനാണ് വ്യവസ്ഥ. വനിതാ സംവരണം നടപ്പാക്കുന്നത് മണ്ഡല പുനർനിർണയത്തിലൂടെയായിരിക്കും

ലോക്സഭയിൽ പരമാവധി സീറ്റെണ്ണം 850 വരെയും നിയമസഭകളിൽ 650 വരെയും ഉയർത്താനാണ് വ്യവസ്ഥ. ആകെ സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യും. ​മൂന്നിലൊന്ന് വനിതാ സംവരണത്തിൽ പട്ടികജാതി-പട്ടികവർഗ (SC/ST) വനിതകളെയും ഉൾപ്പെടുത്തും. ​വനിതാ സംവരണം 2026-ലെ സെൻസസുമായി ബന്ധിപ്പിക്കില്ല. സെൻസസിന് കാത്തുനിൽക്കാതെ തന്നെ നടപ്പിലാക്കും. സംവരണ സീറ്റുകൾ ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലങ്ങൾക്കിടയിൽ മാറിമാറി നിശ്ചയിക്കും. പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം പുതിയ മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കും. 2029-ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപായി പുതിയ മണ്ഡലങ്ങളുടെ ഭൂപടം തയ്യാറാക്കും.