*84-ാം പിറന്നാളിൽ എം. മുകുന്ദന് മയ്യഴിയുടെ ആദരം*
മയ്യഴിയുടെ മണവും മനുഷ്യജീവിതത്തിന്റെ നൊമ്പരങ്ങളും ലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരന് സ്നേഹാദരം
84-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. മുകുന്ദന് ജന്മനാടായ മയ്യഴിയുടെ സ്നേഹാദരം.
ആറ് പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്ന മുകുന്ദൻ, മയ്യഴിയുടെ മണവും മനുഷ്യരുടെ ജീവിതവും നൊമ്പരങ്ങളും ലോകസാഹിത്യത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
മാഹി പുഴയോര നടപ്പാതയിൽ നടന്ന ആദരച്ചടങ്ങിൽ മാഹി എം.എൽ.എ ടി. അശോക് കുമാർ ആദരമർപ്പിക്കുകയും ആദരഭാഷണം നടത്തുകയും ചെയ്തു.
മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ചു.
എം. മുകുന്ദനും ഭാര്യ ശ്രീജയും ചേർന്ന് പിറന്നാൾ കേക്ക് മുറിച്ചു. ഭാര്യ ശ്രീജ അദ്ദേഹത്തിന് മധുരം നൽകി.
മുൻ മന്ത്രി ഇ. വത്സരാജ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം.എൽ.എ രമേശ് പറമ്പത്ത്, കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ. കെ.പി. ജയരാജൻ, വടക്കൻ ജനാർദ്ദനൻ, കെ. മോഹനൻ, ദിനേശൻ എ., ആനന്ദകുമാർ പറമ്പത്ത് എന്നിവർ സംസാരിച്ചു.
അസീസ് മാഹി സ്വാഗതവും ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എം. മുകുന്ദന് ആദരമർപ്പിച്ചു.