പാനൂരിന്റെ ആകാശത്ത് ആ ശബ്ദതാരകമുദിച്ച് നാളേയ്ക്ക് 14 വര്‍ഷങ്ങള്‍;

പാനൂരിന്റെ ആകാശത്ത് ആ ശബ്ദതാരകമുദിച്ച് നാളേയ്ക്ക് 14 വര്‍ഷങ്ങള്‍;

ജന്‍വാണി എഫ്.എമ്മിന് ആശംസകളുമായ് പ്രമുഖര്‍

തലശ്ശേരി: വടക്കന്‍ കേരളത്തിന്റെ സാംസ്കാരിക ഇടത്തില്‍ തനതുകലകളുടെ ശബ്ദാവിഷ്കാരമൊരുക്കിയും ഏറെ പ്രവാസികളുള്ള പാനൂരിലും പരിസര പ്രദേശങ്ങളിലും ഗൃഹാതുരമായ പാട്ടോര്‍മ്മകളെയുണര്‍ത്തിയും ശ്രോതാക്കളുടെ കാതില്‍ കൂടുകൂട്ടിയ ജന്‍വാണി കമ്മ്യൂണിറ്റി എഫ്.എം റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച് നാളെ പതിനാല് വര്‍ഷങ്ങള്‍ തികയും.2012 ഒക്ടോബര്‍ രണ്ടിന് അന്നത്തെ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.ഇരുപത്തിനാല് മണിക്കൂറും പ്രക്ഷേപണമുള്ള ജന്‍വാണി 90.8 എഫ്.എം വടക്കേ മലബാറിലെ ആദ്യ കമ്മ്യൂണിറ്റി എഫ്.എം സ്റ്റേഷനാണ്.കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ലൈസന്‍സിങ്ങോടെയാണ് പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ 98 രാജ്യങ്ങളില്‍ ശ്രോതാക്കള്‍ ജന്‍വാണിയിലെ പരിപാടികള്‍ ആസ്വദിക്കുന്നുണ്ട്. സ്റ്റേഷന്റെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുചടങ്ങുകളില്ലെങ്കിലും 2027 ഒക്ടോബര്‍ രണ്ട് വരെ വിവിധ, പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കുമെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ നിര്‍മ്മല്‍ മയ്യഴി പറഞ്ഞു. കലാ സാംസ്കാരിക പ്രക്ഷേപണ മേഖലകളിലെ പ്രമുഖര്‍ ആശംസകള്‍ നേരുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് ഇതിനകം തുടക്കമായിട്ടുണ്ട്.