ജന്മദിനത്തിൽ മാതൃകയായി എം.എൽ.എ; രക്തദാന ക്യാമ്പിൽ 76 യൂണിറ്റ് ശേഖരിച്ചു
മാഹി: മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (BDK) കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് എന്നിവരുടെ സഹകരണത്തോടെ മേരിമാതാ കമ്മ്യൂണിറ്റി ഹാളിൽ രക്തദാന ബോധവൽക്കരണ ക്ലാസും മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു.
ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ക്യാപ്റ്റൻ എ.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ ചാപ്റ്റർ പ്രസിഡന്റ് പി.പി. റിയാസ് സ്വാഗതം പറഞ്ഞു. മാഹി പോലീസ് സൂപ്രണ്ട് ബി. ധനശേഖരൻ, സെന്റ് തെരേസാസ് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കരിക്കാട്ട് എന്നിവർ ആശംസകൾ നേർന്നു. ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഫൈസൽ ചാലാട് നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ എം.എൽ.എ അഡ്വ. ടി. അശോക് കുമാർ രക്തം ദാനം ചെയ്ത് ക്യാമ്പിന് തുടക്കമിട്ടു. 'ഇന്ന് രക്തം ദാനം ചെയ്യൂ, നാളെ ഒരു ജീവൻ രക്ഷിക്കൂ' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു.
ക്യാമ്പിൽ നൂറാം തവണ രക്തദാനം നടത്തി രക്തദാനത്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ നിഖിൽ രവീന്ദ്രനെ എം.എൽ.എ അഡ്വ. ടി. അശോക് കുമാർ അഭിനന്ദിച്ചു. രക്തദാനം നടത്തിയവർക്ക് സർട്ടിഫിക്കറ്റും മെഡിനോവ ഡയഗ്നോസ്റ്റിക് സെന്ററിന്റെ പ്രിവിലേജ് കാർഡും വിതരണം ചെയ്തു.
ഒ.പി. പ്രശാന്ത്, റയീസ് മാടപ്പീടിക, നിഖിൽ രവീന്ദ്രൻ, കെ. അനിൽകുമാർ, കെ. അജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.