കണ്ണൂരിൽ റാഗിങ്ങ് ആരോപണം; പ്ലസ് വൺ വിദ്യാർഥിക്ക് മർദനം, 6 സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
കണ്ണൂർ: ജില്ലയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ ആറു പ്ലസ് ടു വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാന്റീനിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിരവധി സീനിയർ വിദ്യാർഥികൾ ചേർന്ന് പിന്നിൽ നിന്ന് പിടിച്ചുവലിച്ചശേഷം മർദിച്ചെന്നാണ് പരിക്കേറ്റ വിദ്യാർഥിയുടെ ആരോപണം. കല്ലുകൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റതായും പറയുന്നു.
ശരീരസൗന്ദര്യം മെച്ചപ്പെടുത്തുന്നതിനായി വ്യായാമം ചെയ്യുന്നതിനെ ചൊല്ലിയുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് വിദ്യാർഥിയുടെ ബന്ധു ആരോപിച്ചു. ഇക്കാര്യം പറഞ്ഞ് കുട്ടിയെ സീനിയർ വിദ്യാർഥികൾ നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് ആറു പ്ലസ് ടു വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. പരിക്കേറ്റ വിദ്യാർഥിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.