മാഹി ഫിഷിംഗ് ഹാർബറിന് വികസനക്കുതിപ്പ്; 67 കോടിയുടെ പദ്ധതി ഉടൻ

മാഹി ഫിഷിംഗ് ഹാർബറിന് വികസനക്കുതിപ്പ്; 67 കോടിയുടെ പദ്ധതി ഉടൻ

പുതുച്ചേരി:
 മാഹിയിലെ ഫിഷിംഗ് ഹാർബർ 67 കോടി രൂപ ചെലവിൽ വികസിപ്പിക്കുമെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി രാജീവ് രഞ്ജൻ സിംഗ് അറിയിച്ചു.
പ്രദേശിക ഭരണകൂടത്തിന്റെ ഫിഷറീസ്–മത്സ്യത്തൊഴിലാളി വികസന വകുപ്പ് സംഘടിപ്പിച്ച പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
1.5 ശതമാനം വളർച്ച കൈവരിച്ച മികച്ച തീരപ്രദേശമാണ് പുതുച്ചേരിയെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014-ൽ അധികാരമേറ്റപ്പോൾ രാജ്യത്തെ മത്സ്യ ഉൽപ്പാദന മൂല്യം 95.75 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ നിലവിൽ അത് 195 ലക്ഷം കോടി രൂപയായി ഉയർന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികളുടെ ഭാഗമായി മത്സ്യ കയറ്റുമതി വർധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക സാമ്പത്തിക മേഖലയിലെ (SEZ) ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി സൗജന്യമായി നൽകുന്നുണ്ട്. മത്സ്യബന്ധന കപ്പലുകളിൽ ത്രിവർണ പതാക സ്ഥാപിച്ചാൽ സുരക്ഷ ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
മാഹി ഫിഷിംഗ് ഹാർബർ 67 കോടി രൂപ ചെലവിൽ ഉടൻ വികസിപ്പിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ഇതുമായി ബന്ധപ്പെട്ട കരട് പദ്ധതി എത്രയും വേഗം സമർപ്പിക്കാൻ പ്രദേശിക ഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്തു.