രണ്ടാഴ്ചയ്ക്കുള്ളിൽ 20 ദശലക്ഷം കാഴ്ചക്കാർ; മലയാളി ഗായിക സുചേതയുടെ ‘ഹയാതി’ തരംഗമാവുന്നു
ദുബായ് പാട്ടിൻ്റെ പാലാഴി തീർത്ത്, ആസ്വാദക ഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മര ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ "ഹയാതി' തരംഗമാകുന്നു. ഇരട്ട ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് സ്വന്തമാക്കിയ ബഹുഭാഷാ ഗായിക, ദുബായിൽ പ്രവാസിയായ മലയാളി സുചേത സതീഷിന്റെ സ്വരമാധുരിയിൽ പിറന്ന പുതിയ ഹിന്ദി ആൽബം യു ട്യൂബിൽ റിലീസ് ചെയ്ത് രണ്ടാഴ്ച്‌ച തികയും മുൻപേ 20 ദശലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
ഡോസ് മ്യൂസിക് പുറത്തിറക്കിയ ഈ ദൃശ്യ-ശ്രാവ്യ വിരുന്ന് ആഗോളതലത്തിൽ വൻ ജനപ്രീതി നേടി മുന്നേറുന്നു. കേൾക്കും തോറും കാതുകളിൽ തേന്മഴയായ് പെയ്യുന്ന ഈ ഗാനത്തിൽ സുചേതയ്ക്കൊപ്പം പ്രശസ്ത ഗായകൻ സിക്കന്ദർ മാനും ശബ്ദം നൽകിയിരിക്കുന്നു. കെ.പി. സന്ധു ഈണമിട്ട ഹൃദയഹാരിയായ സംഗീതത്തിന് അഹ്വാൻ കുമാർ, സാബി സൂരി എന്നിവരുടെ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ കൂടിയായപ്പോൾ ദൃശ്യാവിഷ്കാരം കാവ്യാത്മകമായി. ഹൃദയസ്പർശിയായ വരികളും വിരഹവും പ്രണയവും തുളുമ്പുന്ന സംഗീതവും ചേർന്നാണ് 'ഹയാതി'യെ സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയത്.
സ്വരശുദ്ധിയുടെ മലയാളി മധുരം മലയാളത്തിന്റെ മണ്ണിൽ നിന്ന് പോയി ദുബായിൽ താമസിക്കുന്ന സുചേതയുടെ അനായാസമായ ഹിന്ദി ഉച്ചാരണശുദ്ധിയാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. മാതൃഭാഷ മലയാളമാണെന്നത് മറന്നുകൊണ്ട് ഉത്തരേന്ത്യൻ സ്വദേശിയെപ്പോലെ സ്വാഭാവികമായ ഭാവത്തോടെയും കൃത്യമായ ഉച്ചാരണത്തോടെയും സുചേത പാടിത്തീർത്തപ്പോൾ സംഗീതാലാപനത്തിൻ്റെ പുതിയൊരു തലമാണ് ആസ്വാദകർ ദർശിച്ചത്.
155 ഭാഷകളിൽ പാടി വിസ്‌മയം തീർത്ത സുചേത, ഓരോ ഭാഷയുടെയും ആത്മാവ് തൊട്ടറിഞ്ഞ് ഉച്ചാരണശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ അസാധാരണ കഴിവുള്ള പ്രതിഭയാണ്
ലോകശ്രദ്ധ നേടിയ ഈ അസാധ്യ മികവാണ് സുചേതയ്ക്ക് ഇരട്ട ഗിന്നസ് വേൾഡ് റെക്കോർഡുകൾ സമ്മാനിച്ചതും. റെക്കോർഡുകളുടെ തിളക്കത്തിൽ നിൽക്കുമ്പോഴും ലളിതവും മനോഹരവുമായ ആലാപന ശൈലിയിലൂടെ സംഗീതയാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഈ യുവഗായിക. കണ്ണൂർ എളയാവൂർ സ്വദേശി ഡോ. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളായ സുചേത, ദുബായ് നോളജ് പാർക് മിഡിൽസെക്സ് യൂണിവേഴ്‌സിറ്റിയിൽ ഡിജിറ്റൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ബിരുദ പഠനം പൂർത്തിയാക്കി.